
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിലെന്ന് വിദ്യാഭ്യാസ വകുപ്പ്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതായി രേഖയിലുള്ള ഈ വിദ്യാർത്ഥികളെല്ലാം നിലവിലുണ്ടോയെന്നു വിശദപരിശോധനയിലേ വ്യക്തമാകൂ.
ഈ അധ്യയന വർഷം വിദ്യാർഥികളുടെ കണക്കെടുപ്പിന്‍റെ ഭാഗമായി ആധാർ വിശദാംശങ്ങളും വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആകെ 37,53,059 വിദ്യാർത്ഥികളിൽ 5,15,435 പേരുടെ ആധാർ നമ്പർ നൽകാതിരിക്കുകയോ തെറ്റായി രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടെത്തി. കണക്കുകൾ അപ്‍ലോഡ് ചെയ്തപ്പോൾ പിഴവു സംഭവിച്ചതാണെന്നു സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്നു തിരുത്താൻ എല്ലാവർക്കും സർക്കാർ ഒരു അവസരം കൂടി നൽകി.
പിഴവു തിരുത്തിയതോടെ ആകെ വിദ്യാർത്ഥികളുടെ എണ്ണം 37,17,403 ആയി. ഇപ്പോഴും 2,51,544 വിദ്യാർത്ഥികളുടെ കാര്യത്തിൽ വ്യക്തതയില്ല. ആവർത്തിച്ച് ആവശ്യപ്പെട്ട ശേഷവും 1,13,537 കുട്ടികളുടെ ആധാർ നമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഐടി മിഷനിൽ നിന്നും യുഐഡി അതോറിറ്റിയിൽ നിന്നും ലഭിച്ച കണക്കുകൾ അനുസരിച്ചു സംസ്ഥാനത്ത് 100% പേരും ആധാർ എടുത്തിട്ടുണ്ട്. എന്നിട്ടും ഇത്രയും കുട്ടികളുടേതു രേഖപ്പെടുത്താത്തത് എന്തുകൊണ്ടെന്നു വ്യക്തമല്ല.
46,147 കുട്ടികളുടെ ആധാർ നമ്പർ നിശ്ചിത മാതൃകയിൽ നിന്നു വ്യത്യസ്തമായി തെറ്റായി രേഖപ്പെടുത്തിയതാണെന്നും കണ്ടെത്തി. വിശദാംശങ്ങളിലെ വൈരുധ്യം മൂലം 91,860 വിദ്യാർത്ഥികളുടെ നമ്പരുകൾ അസാധുവെന്നു കണ്ടു. ഈ വിദ്യാർഥികളുടെ സ്കൂളുകളിൽനിന്നു നൽകിയ വിവരവും യുഐഡി അതോറിറ്റി നൽകിയ വിവരവും വ്യത്യസ്തമാണ്.

ഇക്കാര്യം പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തുകയും എഇഒ ഓഫിസ് അടിസ്ഥാനത്തിലുള്ള കണക്കു തയാറാക്കാൻ കൈറ്റിനെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതു പൂർത്തിയാകുമ്പോൾ 4 കാര്യങ്ങൾ സ്കൂളുകളിൽ നിന്ന് ആവശ്യപ്പെടണമെന്നാണു നിർദേശം.
1 തെറ്റായ ആധാർ നമ്പർ ചേർക്കാനുണ്ടായ സാഹചര്യവും തിരുത്താൻ അവസരം നൽകിയിട്ടും ശരിയാക്കാതിരുന്നതിന്‍റെ കാരണവും.
2 തെറ്റായ ആധാർ നമ്പരുള്ള കുട്ടികൾ സ്കൂളിൽ ഇപ്പോഴും പഠിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരുടെ ആധാറിന്‍റെ പകർപ്പ് അവിടെ സൂക്ഷിച്ചിട്ടുണ്ടോ?
3 ആധാർ അസാധുവെന്നു പറയപ്പെടുന്ന വിദ്യാർത്ഥികളിൽ എത്ര പേരുടെ ആധാർ പകർപ്പ് സ്കൂളിലുണ്ട്. അതിൽ കുട്ടിയുടെ പേര്, ജനനത്തീയതി തുടങ്ങിയവയിൽ വൈരുധ്യം കണ്ടെത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു ശരിയാക്കാൻ എടുത്ത നടപടി.
4 ആധാർ ഇല്ലെന്നു രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് യഥാർഥത്തിൽ അതു ലഭിച്ചിട്ടില്ലെന്ന് ഉറപ്പാണോ?
