കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികള്‍; സ്‌ക്രീനിങ് കമ്മിറ്റി തീരുമാനമാകാതെ പിരിഞ്ഞു; 15ന് വീണ്ടും ചേരും

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികള്‍; സ്‌ക്രീനിങ് കമ്മിറ്റി തീരുമാനമാകാതെ പിരിഞ്ഞു; 15ന് വീണ്ടും ചേരും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. ഇന്ന്ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇതു സംബന്ധിച്ച് തീരുമാനമാകാതെ പിരിഞ്ഞു. ഇതേ വിഷയത്തില്‍ സ്‌ക്രീനിംഗ് കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേരുമെന്നും ഇതിനു ശേഷമാകും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്നും കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറിയിച്ചു.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന അഭിപ്രായമാണ് ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലുണ്ടായത്. പക്ഷെ ഉമ്മന്‍ ചാണ്ടിയും പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം രാഹുലിന്റേതായിരിക്കും. സി.പി.എമ്മിന് വേണ്ടി പി.ജയരാജന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പള്ളി തന്നെ വടകരയില്‍ മത്സരിക്കണം എന്ന അഭിപ്രായമാണ് പല നേതാക്കളും യോഗത്തില്‍ പങ്കുവെച്ചത്. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ പേര് പത്തനംതിട്ടയിലും ഇടുക്കിയിലും പരിഗണിക്കപ്പെടുന്നു.

നിലവില്‍ എം.പിയായ ശശി തരൂര്‍(തിരുവനന്തപുരം), എം.കെ രാഘവന്‍(കോഴിക്കോട്), കൊടിക്കുന്നില്‍ സുരേഷ്(മാവേലിക്കര) എന്നിവര്‍ മത്സരിക്കുമെന്ന് ഉറപ്പാണ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത കൂടുതല്‍. പാലക്കാട് മണ്ഡലത്തില്‍ വി.കെ ശ്രീകണ്ഠന് പുറമേ ഷാഫി പറമ്പിലിന്‍റെ പേരും സജീവമായി പരിഗണിക്കുന്നു. പാലക്കാട് ജില്ലയിലെ തന്നെ ആലത്തൂരില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, രമ്യ ഹരിദാസ്, സുനില്‍ ലാലൂര്‍ ഇവരുടെ പേരാണ് പരിഗണിക്കുന്നത്.

0Shares