കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ അംഗീകാരം നഷ്ടമാകുന്നു; കേരളത്തിലെ ഒരു സർവകലാശാലയ്ക്കും കോഴ്സ് നടത്താനുള്ള യോഗ്യതയില്ലെന്ന് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ അംഗീകാരം നഷ്ടമാകുന്നു; കേരളത്തിലെ ഒരു സർവകലാശാലയ്ക്കും കോഴ്സ് നടത്താനുള്ള യോഗ്യതയില്ലെന്ന് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം

ന്യൂഡൽഹി: കേരളത്തിലെ ഒരു സർവകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള യോഗ്യതയില്ല എന്ന് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം. ഇത് പ്രകാരം വരുന്ന അധ്യയനവർഷംമുതൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ സാധിക്കില്ല. സംസ്ഥാന സർക്കാർ നേരിട്ട് ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് നേരത്തേ തന്നെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ ശുപാർശയുണ്ടെങ്കിലും അന്തിമ തീരുമാനം വന്നിട്ടില്ല. സർക്കാർ ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങിയാലും യു.ജി.സിയുടെ നിലവിലെ മാനദണ്ഡങ്ങളിലേക്ക് ഉയരാൻ എളുപ്പവുമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

വിദൂര ബിരുദ – ബിരുദാനന്തര കോഴ്സുകള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകലില്‍ 1.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് നിലവില്‍ പഠിക്കുന്നത്. ഓരോ വര്‍ഷവും ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് കേരളത്തിലെ സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഉപരിപഠനത്തിന് പുതിയതായി ചേരുന്നത്. കർണാടകയിലും തമിഴ്നാട്ടിലും ഏതാനും സർവകലാശാലകൾ യു.ജി.സി നിർദേശിക്കുന്ന പോയിന്റ് നിലയ്ക്കു മുകളിലാണ്. രാജ്യത്തുതന്നെ അറുപതോളം സർവകലാശാലകൾ മാത്രമേ യു.ജി.സി മാനദണ്ഡപ്രകാരം വിദൂരപഠനത്തിനു യോഗ്യത നേടിയിട്ടുള്ളൂ.

നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്) എ പ്ലസ് ഗ്രേഡ് (3.26 പോയിന്റ് മുതൽ) എങ്കിലും ഉള്ള സർവകലാശാലകൾക്കു മാത്രമേ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ യോഗ്യത ഉള്ളൂവെന്നാണു യു.ജി.സിയുടെ പുതിയ നിർദേശം. കേരളത്തിൽ നാക് അക്രഡിറ്റേഷനിൽ മുന്നിലുള്ളത് മഹാത്മാഗാന്ധി സര്‍വകലാശാലയാണ്. പക്ഷേ, അതിന് പോലും 3.24 പോയിന്റ് (എ ഗ്രേഡ്) മാത്രമേയുള്ളൂ. 3.01 പോയിന്റ് മുതൽ 3.25 വരെ എ ഗ്രേഡും, 3.26 മുതൽ 3.50 വരെ എ പ്ലസ് ഗ്രേഡുമാണ്. അതിനു മുകളിൽ എ പ്ലസ് പ്ലസ് ഗ്രേഡും.

കേരള (3.03), കുസാറ്റ് (3.06), കാലിക്കറ്റ് (3.19), കാലടി സംസ്കൃത സർവകലാശാല (3.03) എന്നിങ്ങനെയാണ് എ ഗ്രേഡിലുള്ള മറ്റു സർവകലാശാലകളുടെ പോയിന്റ് നിലവാരം. 2015 മുതൽ 2017 വരെയുള്ള കാലത്താണ് ഭൂരിഭാഗം സർവകലാശാലകളും അഞ്ചുവർഷത്തേക്കുള്ള നാക് അക്രഡിറ്റേഷൻ പുതുക്കിയത്. അഞ്ചുവർഷ കാലാവധി പൂർത്തിയായ ശേഷമേ ഇനി മികച്ച ഗ്രേഡിനായുള്ള ശ്രമം നടത്താനും കഴിയൂ.

0Shares