
സംസ്ഥാനത്തെ സ്പീഡ് റെയില്‍ പദ്ധതിയുടെ അന്തിമ അലൈന്മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വേ കാസര്‍കോട്ട് തുടങ്ങി. നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന പാര്‍ടനാവിയ പി68 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. വിമാനം ജനുവരി ആറുവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനും ഇന്ധനം നിറക്കാനും അനുമതിതേടിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനാണ് സര്‍വേ ചുമതല. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള (എ.ടി.സി) നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും വിമാനം പറക്കുക.

കാലാവസ്ഥ അനുകൂലമെങ്കില്‍ ആറുദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കേരള റെയില്‍വേ ഡെവലപ് മെന്റ് കോര്പറേഷന് വ്യക്തമാക്കി. നാലു മണിക്കൂറുകൊണ്ട് കാസര്‍കോട്ടുനിന്ന് 532 കിലോമീറ്റര്‍ പിന്നിട്ട് തിരുവനന്തപുരത്ത് എത്തുന്നതരത്തിലാണ് സ്പീഡ് റെയില്‍ (സില്‍വര്‍ ലൈൻ) നിര്‍മിക്കുന്നത്.
പദ്ധതിക്ക് രണ്ടാഴ്ചമുമ്പ് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
56,000 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി റെയില്‍വേയും സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് രൂപവത്കരിച്ച കേരള റെയില്‍ വികസന കോര്‍പറേഷനാണ് നടപ്പാക്കുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ വിവരശേഖരണം സാറ്റ്ലൈറ്റ് സര്‍വേയിലൂടെ സാധിക്കില്ല. മരങ്ങളും മറ്റു തടസ്സങ്ങളുമെല്ലാം മറികടന്ന് കൃത്യമായി അലൈന്മെന്റ് തയാറാക്കാന്‍ ലേസര്‍ ഉപയോഗിച്ച് നടത്തുന്ന ലിഡാര്‍ സര്‍വേ സഹായിക്കും. ഒരുജില്ലയില്‍ ഒരു സ്റ്റോപ് എന്നാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും രണ്ടു സ്റ്റോപ്പുകൾക്ക് ഇടയില്‍ മൂന്നു ഫീഡര്‍ സ്റ്റേഷനുകൾ ഉദ്ദേശിക്കുന്നുണ്ട്.
