എഡിറ്റോറിയല്‍: പ്രിയപ്പെട്ടവരേ, മലയാളികളുടെ കളഞ്ഞുപോയ ആ നന്മ മനസ്സ് എവിടെ നിന്നാണ് ഇനി നാം കണ്ടെടുക്കേണ്ടത്? ഓരോ ദിവസവും ‘പ്രബുദ്ധ കേരള’ ത്തിലെ ജനകോടികള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ എത്രമാത്രം ഹൃദയഭേദകമാണെന്ന് നിങ്ങള്‍ ഓര്‍ത്തു നോക്കൂ. അതെ, കേരളം അപ്പാടെ ഒരു ക്രിമിനല്‍ സ്വഭാവമുള്ള സമൂഹമായി മാറിക്കഴിഞ്ഞു. സമസ്ത മേഖലകളിലും മൂല്യച്യുതി സംഭവിച്ചത് കൊണ്ടാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് കേരളീയ സമൂഹം കൂപ്പുകുത്തി വീണത്. കേരളത്തിലെ സമകാലിക സംഭവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ധാര്‍മ്മികാധപ്പതനത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചതിന്റെ തിക്താനുഭവമാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് എന്നതിലേക്കാണ്. മോഷണങ്ങളില്‍ തുടങ്ങി പീഡനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും മലയാളി ‘ ഉയര്‍ന്നത് ‘ രാജ്യത്തെ മറ്റ് ജനവിഭാഗങ്ങള്‍ മൂക്കത്ത് വിരല്‍വെച്ചുകൊണ്ടാണ് ഇന്ന് നോക്കികാണുന്നത്. ദിനപത്രങ്ങള്‍ കുറ്റ പത്രങ്ങളായി തീരുന്നുവെന്ന കവിവാക്യം അന്വര്‍ത്ഥമാക്കുന്ന മട്ടിലാണ് ഓരോ ദിവസവും കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ പുറത്തു വരുന്നത്. പീഡനങ്ങളുടെ കാര്യത്തില്‍ ഈ സംസ്ഥാനം രാജ്യത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡനത്തിന് ഇരയാകുന്ന ഒരു സമൂഹം ഇതുപോലെ ഈ ഭൂമുഖത്ത് മറ്റെവിടെയും ഉണ്ടാകില്ല. 90 വയസ്സ് പിന്നിട്ട ഒരു മുത്തശ്ശിയെ ഒരുകൂട്ടം മനുഷ്യ മൃഗങ്ങള്‍ കഴിഞ്ഞദിവസം മാനഭംഗപ്പെടുത്തിയ വാര്‍ത്ത കേട്ട് കേരളീയ സമൂഹം ഇപ്പോഴും തരിച്ചുനില്‍ക്കുകയാണ്! ഗുരുതരമായ മനോവൈകല്യം ബാധിച്ച വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിന്റെ തലങ്ങും വിലങ്ങും ഇത്തരത്തില്‍ അരങ്ങ് തകര്‍ക്കുകയാണ്. മാതൃഹത്യയും പിതൃഹത്യയും ബാലഹത്യയും ക്രിമിനല്‍ കേരളത്തിന്റെ ദുര്‍മുഖമുദ്രയായി മാറിക്കഴിഞ്ഞിട്ട് കാലമേറെയായി.

കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയാണ് സഹോദരങ്ങളുടെ കഴുത്ത് ഞെരുക്കുന്നതും നെഞ്ചില്‍ കഠാര കുത്തിയിറക്കുന്നതും. സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട്ടെ ഒരു മദ്രസാധ്യാപകനെ ഒരു കാര്യവും കാരണവുമില്ലാതെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം സമീപകാലത്ത് കേരളീയ മനസ്സാക്ഷിയെ പിടിച്ചുലച്ചിരിക്കയാണ്. മനസ്സില്‍ മതാന്ധതയും രാഷ്ട്രീയ തിമിരവും ബാധിച്ച യുവതലമുറയുടെ വഴിപിഴച്ച പോക്കിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉള്ളം നടുങ്ങി പോകുന്നു. എല്ലാ മനുഷ്യരും എകോദര സഹോദരങ്ങളാണെന്നും എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണെന്നും എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ ഒരുപോലെയാണെന്നും ഇവര്‍ ഓര്‍ക്കുന്നില്ലായെന്നുള്ളതാണ് അങ്ങേയറ്റം വേദനാജനകമായ കാര്യം. സ്‌നേഹവും പരസ്പര വിശ്വാസവും സഹിഷ്ണുതയും സഹാനുഭൂതിയും ദീനാനുകമ്പയും കൈമോശം വന്ന വിഭാഗമായി പുതുതലമുറ മാറുകയാണ്. അവരുടെ ഹൃദയത്തിലെ ആര്‍ദ്രത വറ്റി വരണ്ട് ഊഷരമായിരിക്കുന്നു. ഒരുകാലത്ത് കേരളത്തിന്റെ കാരണവരായിരുന്ന കെ.പി. കേശവമേനോന്‍ ആഹ്വാനം ചെയ്യുകയും നമ്മെ വഴിനടത്തുകയും ചെയ്തത് ‘നാം മുന്നോട്ട്’ എന്ന പാതയിലൂടെയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന് അതിന് പാഠഭേദം സംഭവിച്ചിരിക്കുന്നു!. അതെ, ‘നാം എങ്ങോട്ട്’ എന്നതാണ് ഇക്കാലത്ത് കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പരിഷ്‌കൃതമെന്നും സംസ്‌കാര സമ്പന്നമെന്നും സാക്ഷരമെന്നുമൊക്കെ വീമ്പുപറയുന്ന കേരളീയ സമൂഹം ഹൃദയശൂന്യരായ കുറ്റവാളികളുടെ സ്വന്തം നാടായി അനുദിനം അധഃപതിക്കുന്നത് തടയാന്‍ ഈ വൈകിയ വേളയിലെങ്കിലും ഭരണതലത്തിലും സാമൂഹിക സാംസ്‌കാരിക തലത്തിലും ധാര്‍മ്മിക തലത്തിലും ഒരുകൂട്ടായ ശ്രമം അത്യന്താപേക്ഷിതമാണെന്ന് കെട്ടുപോയ ഈ കാലം ഓരോ കേരളീയനെയും സദാസമയവും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു…