കേരളം കുടിനീരിനായി കേഴുന്നു.

  • Post category:news
  • Reading time:2 mins read
You are currently viewing കേരളം കുടിനീരിനായി കേഴുന്നു.

എഡിറ്റോറിയല്‍: വേനല്‍ച്ചൂടില്‍ ഉരുകിയൊലിക്കുകയാണ് കേരളം. ഓരോ വര്‍ഷം കഴിയുംതോറും വേനല്‍ക്കാലത്ത് സംസ്ഥാനമാകെ ഒരു തീച്ചൂളയായി മാറുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന സൗഭാഗ്യം അലങ്കരിക്കുന്ന കേരളം മഴയുടെയും വെള്ളത്തിന്റെയും സ്വന്തം നാടെന്ന നിലയിലും പ്രസിദ്ധമാണ്. എന്നാല്‍ ഈ അനുഗ്രഹം നമുക്ക് എന്നേ കൈമോശം വന്നു കഴിഞ്ഞു. കൊടും വരള്‍ച്ചയുടെയും ഭൂജല താഴ്ച്ചയുടെയും കുടിവെള്ളമില്ലായ്മയുടെയും പിടിയില്‍ അമര്‍ന്ന് ശ്വാസം മുട്ടുകയാണ് നമ്മുടെ നാട്. ഒരു കാലത്ത് നമ്മുടെ പുഴകളെല്ലാം സദാ സമയവും നിറഞ്ഞൊഴുകിയിരുന്നു. നനവിന്റെയും പച്ചപ്പിന്റെയും ആര്‍ദ്രഭാവമുള്ള സൗന്ദര്യഭൂമികയായിരുന്നു കേരളക്കര. എന്നാല്‍ ഇതെല്ലാം നമുക്ക് എക്കാലത്തേക്കും വിഷാദഭരിതമായ ഓര്‍മ്മകളായി മാറുകയാണ്. സ്വാതന്ത്ര്യലബ്ധിക്കും പിന്നീട് കേരളപ്പിറവിക്കും ശേഷം നമ്മുടെ സംസ്ഥാനം വികസന രംഗത്ത് ഒരുപാട് മുന്നേറി എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ വികസനം പരിസ്ഥിതിയെയും പ്രകൃതിയെയും വിസ്മരിച്ച് കൊണ്ടും ചൂഷണം ചെയ്തു കൊണ്ടും നടപ്പിലാക്കി എന്നതാണ് മറ്റൊരു വസ്തുത. അതിന്റെ തിക്താനുഭവവും പരിണിത ഫലവുമാണ് നാം ഇപ്പോള്‍ നേരിടുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കേരളത്തിലെ നദികളെല്ലാം മരിച്ചിരിക്കുന്നു; അഥവാ കേരളം ഒരു മരുപ്പറമ്പായി മാറിയിരിക്കുന്നു. കേരളീയരുടെ ആര്‍ത്തിയുടെയും സ്വാര്‍ത്ഥതയുടെയും മുന്‍പിന്‍ ചിന്തകളില്ലാത്ത ചെയ്തികളുടെയും ഫലമായി മലകളും കുന്നുകളും കാടുകളും നാമാവശേഷമായി. നദികളും അരുവികളും തോടുകളും കിണറുകളും കുളങ്ങളും എല്ലാം വറ്റി വരണ്ടു. ഏറ്റവും വലിയ ജല സ്രോതസ്സുകളായ പുഴകള്‍ ശരിക്കും കണ്ണീര്‍ ചാലുകളായി മാറി. ഭാരതപുഴ ഇന്ന് ‘ഭാരതപൂഴി’യായി മാറിയിരിക്കുന്നു!. കാലാവസ്ഥാ വ്യതിയാനവും ജല സ്രോതസ്സുകള്‍ മലിനമാക്കലും നശിപ്പിക്കലും വെള്ളം പാഴാക്കലും മൂലം കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ മലയാളികള്‍ വലയുകയാണ് ഇന്ന്. കുടി നീരിനായി കേഴുന്ന കേരളത്തെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥയിലാണ് നാം.

വികസനത്തിന് വേണ്ടി കേരളത്തിലെ വലിയൊരു ശതമാനം നീര്‍ത്തട പ്രദേശങ്ങളെയാണ് നാം വറ്റിച്ചു കളഞ്ഞത്. എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തിയാണ് മണ്ണ് ലോബികളും മണല്‍ ലോബികളും മറ്റും ചേര്‍ന്ന് ഈ സംസ്ഥാനത്തെ ഇത്തരത്തില്‍ വിനാശത്തിലേക്ക് തള്ളിവിട്ടത്. വന നശീകരണം കേരളത്തിന്റെ തീരാ ശാപമായി മാറിയിട്ട് വര്‍ഷങ്ങളായി. ഏത് വിധേനയും പണം ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട മനസ്സാക്ഷി മരവിച്ച, പരിസ്ഥിതി ബോദ്ധമില്ലാത്ത, പ്രകൃതി സ്‌നേഹമില്ലാത്ത വലിയൊരു വിഭാഗം കേരളത്തില്‍ വാഴുന്നുണ്ട്. ഈ നാട് മാറി മാറി ഭരിച്ച ഒരു ഭരണകൂടത്തിനും ഈ അസുരന്മാരുടെ വേരറുക്കാന്‍ ഇന്നേവരെ സാധിച്ചിട്ടില്ലെന്നതാണ് പരമാര്‍ഥം. സസ്യ ശാമള കോമളമായ കേരളത്തിന്റെ ആവാസ വ്യവസ്ഥകള്‍ പാടെ തകര്‍ന്നതിനാലാണ് മലയാളി ഇന്ന് കുടിനീരിനായി വട്ടം കറങ്ങുന്നത്. ഗുരുതരമായ ജല പ്രതിസന്ധി നേരിടുന്ന കേരളത്തെ ഈ ദുരവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ കാര്യക്ഷമവും ഫല പ്രദവുമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്ന വിപത്ത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും. നമ്മുടെ ജലസ്രോതസ്സുകള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കാന്‍ ഉതകുന്ന അതിശക്തമായ ഒരു സുസ്ഥിര ജല നയം നമുക്ക് അനിവാര്യമാണ്. ജലം ജീവനാണ് എന്ന ബോധവും ചിന്തയും തിരിച്ചറിവും ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥായിയായി നിറഞ്ഞ് നില്‍ക്കുമ്പോള്‍ മാത്രമെ വെള്ളത്തോടുള്ള നമ്മുടെ ആദരവും സ്‌നേഹവും നഷ്ടപ്പെടാതിരിക്കൂ…സാക്ഷരതയിലും പ്രബുദ്ധതയിലും മറ്റും മറ്റും കേമന്‍മാര്‍ എന്ന് അഭിമാനിച്ച് ഊറ്റം കൊള്ളുന്ന മലയാളികള്‍ ‘ജല സാക്ഷരത’ യുടെ കാര്യത്തില്‍ നിരക്ഷരരാണ് എന്നുള്ളതാണ് വാസ്തവം. കേരളീയന് ഇനിയെങ്കിലും കുടിനീര്‍ മുട്ടാതിരിക്കണമെങ്കില്‍ ഈ വൈകിയ വേളയിലെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് ബോധോദയം അത്യന്താപേക്ഷിതമാണ് എന്നുമാത്രം ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

0Shares