തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയം താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷന്‍ ഉത്തരവ്. വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് ലേബര്‍ കമ്മീഷന്റെ നടപടി. 1958 ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമമായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തും. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകീട്ട് 3ന് ആരംഭിക്കുകയും ചെയ്യും. തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരോട് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.