
കാശ്മീർ: കേന്ദ്ര സർക്കാർ തങ്ങൾക്ക് പരസ്യം നിഷേധിച്ചതിൽ പ്രതിഷേധവുമായി ജമ്മു കാശ്മീരിലെ പ്രമുഖ ദിനപത്രങ്ങൾ. പത്രങ്ങളുടെ ഒന്നാം പേജ് ഒഴിച്ചിട്ടാണ് പ്രതിഷേധം അറിയിച്ചത്. കാശ്മീരിലെ പ്രമുഖ പത്രങ്ങളായ ഗ്രേറ്റർ കാശ്മീർ, കാശ്മീർ റീഡർ എന്നി ദിനപത്രങ്ങൾക്കുള്ള കേന്ദ്ര സർക്കാർ പരസ്യങ്ങൾ അകാരണമായി പിൻവലിച്ചു എന്ന് ആരോപിച്ചാണ് പത്രങ്ങൾ ഒന്നാം പേജ് ഒഴിച്ചിട്ട് മാർച്ച് ഇന്നത്തെ പത്രങ്ങൾ പുറത്തിറക്കിയത്. സംഭവത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗിൽഡ് ഉൾപ്പെടെ ഇടപെടണമെന്ന് കാശ്മീർ എഡിറ്റേറ്സ് ഗിൽഡ് ആവശ്യപ്പെട്ടതിന് പിറകെയാണ് പുതിയ പ്രതിഷേധവുമായി പത്രങ്ങൾ രംഗത്തെത്തിയത്.

ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമായ സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട പുൽവാമയിലെ ഭീകരാക്രമണത്തിന് പിറകെയായിരുന്നു കാശ്മീരിലെ രണ്ട് പ്രമുഖ ദിനപത്രങ്ങൾക്ക് കേന്ദ്ര സർക്കാർ പരസ്യങ്ങൾ നിഷേധിച്ചത്. ഈ സർക്കാർ നടപടിയെ അപലപിച്ച എഡിറ്റേഴ്സ് ഗിൽഡ് പുൽവാമ സംഭവത്തിൽ ഉൾപ്പെടെ കാശ്മീരിലെ പത്രങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും ഇത് പത്രധർമാണെന്നും വ്യക്തമാക്കുന്നു. ലോകം തന്നെ അംഗീകരിച്ച പ്രൊഫഷണൽ ശേഷിയുള്ളവരാണ് കാശ്മീരിലെ മാധ്യമങ്ങൾ. കാശ്മീരിലെ മാധ്യമങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും വിശദമാക്കി 2018 ൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഒരു വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി കാശ്മീരിൽ മാധ്യമങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഗിൽഡ് ആരോപിക്കുന്നു.
