കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയ്ക്ക് സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് അധികൃതര്‍ പ്രഖ്യാപിച്ച പുനരധിവാസ വാഗ്ദാനം പാഴ് വാക്കായില്ല. സ്ഥലം വിട്ടുനല്‍കിയ മാളത്തുംപാറ കോളനിയിലെ 16 കുടുംബങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച വീടുകള്‍ കോളനി വാസികള്‍ക്ക് നല്‍കി. ഏപ്രില്‍ നാലു മുതല്‍ 16 കുടുംബങ്ങളും പുതുതായി സജ്ജമാക്കിയ പുനരധിവാസ ഗ്രാമത്തില്‍ താമസം തുടങ്ങും. അതേസമയം കേന്ദ്രസര്‍വകലാശാലയില്‍ ജോലി ലഭിക്കുന്നതിനുവേണ്ടി മാസങ്ങളോളം കോളനിവാസികള്‍ നടത്തിയ സമരത്തിന്റെ വിജയവുമായി. ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ ഈമാസം 22നു നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരമാണ് വീടുകളിലേക്ക് മാറാന്‍ ഉത്തരവ് വന്നത്. അടുത്തമാസം നാലുമുതല്‍ മാറി താമസിക്കുന്ന മുറക്ക് ഓരോ കുടുംബത്തിലേയും യോഗ്യരായ ഒരാള്‍ക്കുവീതം ഔട്ട് സോര്‍സ് മുഖേന സര്‍വ്വകലാശാലയില്‍ താത്കാലിക ജോലി നല്‍കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഇപ്രകാരം നേരത്തെ ആറു പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ബാക്കി വരുന്ന 10 കുടുംബങ്ങളില്‍ ഒമ്പതുപേര്‍ യോഗ്യരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ ഒമ്പതുപേര്‍ക്കും ആവര്‍ പുതിയ വീട്ടിലേക്ക് മാറിതാമസിക്കുന്ന മുറക്ക് ജോലിയില്‍ പ്രവേശനം നല്‍കും.
2016 ഏപ്രിലില്‍ തുടങ്ങിയ വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സര്‍വകലാശാലയ്ക്കു കഴിഞ്ഞു. പതിനാറു കുടുംബങ്ങള്‍ക്ക് അവരുടെ നിലവിലുണ്ടായിരുന്ന വീടുകളുടെ വിസ്തൃതിയില്‍ അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് വീടുകള്‍ നിര്‍മിച്ചത്. 16 വീടുകളുടെ നിര്‍മാണത്തിനും ശുദ്ധജലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയതിനും 3.25 കോടി രൂപ ചെലവായി. ഇതുകൂടാതെ സ്ഥലം മാത്രം വിട്ടുനല്‍കിയ മറ്റു കുടുംബങ്ങള്‍ക്കുള്‍പ്പെടെ 33 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കി. വൈദ്യുതി ലഭ്യമാക്കുന്നതിന് അഞ്ചുലക്ഷം രൂപ കെഎസ്ഇബിക്കു നല്‍കി. പുതിയ വീടുകളിലേക്കു നിലവിലുള്ള വീടുകളിലെ സാധനങ്ങള്‍ മാറ്റുന്നതിന് ഓരോ കുടുംബത്തിനും 20,000 രൂപ വീതം നല്‍കുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജി.രാജഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയ്ക്കുവേണ്ടി കലക്ടര്‍ കെ. ജീവന്‍ബാബു, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നു വീടുകളുടെ താക്കോല്‍ കോളനി വാസികള്‍ക്ക് കൈമാറി. വൈസ് ചാന്‍സിലര്‍ ഡോ. ജി.ഗോപ കുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാനത്ത് നടന്നിട്ടുള്ള പല പുനരധിവാസ പാക്കേജുകളില്‍ നിന്നു വ്യത്യസ്തമായി പുനരധിവസിക്കപ്പെടുന്നവര്‍ക്ക് ജോലി കൂടി നല്‍കുവാന്‍ ഒരു സ്ഥാപനം തീരുമാനമെടുക്കുന്നത് മാതൃകാപരമാണെന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു.
സംസ്ഥാനത്തെ മറ്റേത് പുനരധിവാസ പാക്കേജുകളെക്കാളും മികച്ച രീതിയിലാണ് കേന്ദ്ര സര്‍വകലാശാല മാളത്തുംപാറ കോളനി നിവാസികള്‍ക്കു വേണ്ടി പൂര്‍ത്തിയാക്കിയ ഈ പാക്കേജെന്ന് വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ പറഞ്ഞു. മാളത്തുംപാറ കോളനിയിലെ വീടുള്ള ഓരോ കുടുംബത്തിലെയും ഒരാള്‍ക്കുവീതം ഉടന്‍ ജോലി നല്‍കുന്നതാണെന്നും ഇത് സര്‍വകലാശാലയുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ സി.ബിജു, റജിസ്ട്രാര്‍ ഡോ. എ.രാധാകൃഷ്ണന്‍ നായര്‍, ഫിനാന്‍സ് ഓഫിസര്‍ ഡോ. ബി.ആര്‍.പ്രസന്നകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം.മുരളീധരന്‍ നമ്ബ്യാര്‍, റൈറ്റ്‌സ് മാനേജര്‍ സുരേഷ്, കേന്ദ്ര സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. കെ.സി.ബൈജു, ഡോ. കെ.ജയപ്രസാദ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജി.രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്രസര്‍വകലാശാല അധികൃതര്‍ പ്രഖ്യാപിച്ച പുനരധിവാസ വാഗ്ദാനം പാഴ് വാക്കായില്ല; പെരിയ മാളത്തുംപാറ കോളനിവാസികള്‍ പുതിയ വീടുകളിലേക്ക്