
ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജ് കാസര്‍കോട് ജില്ലയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടു. സര്‍വകലാശാല മെഡിക്കല്‍ കോളജ് കാസര്‍കോട്ട് തന്നെ സ്ഥാപിക്കണമെന്ന് സര്‍വ്വകക്ഷി സംഘം ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ജനങ്ങളടക്കം അധിവസിക്കുന്ന കാസര്‍കോട്ട് തന്നെ മെഡിക്കല്‍ കേളജ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. നിലവില്‍ കാസര്‍കോട് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജ് പോലും ഇല്ല. വിദഗ്ദ ചികിത്സയ്ക്ക് ജനങ്ങള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് സര്‍വകക്ഷി സംഘം വെങ്കയ്യ നായിഡുവിനെ അറിയിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയുടെ പരിപാടിക്കെത്തിയപ്പോള്‍ ഉപരാഷ്ട്രപതി മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇത് പി കരുണാകരന്‍ എംപി ഉപരാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ശരിയാണെന്ന് അദ്ദേഹം സമ്മതിച്ചു. കേന്ദ്ര സര്‍ക്കാരില്‍ അനുകൂല നടപടിക്ക് ഇടപെടുമെന്ന് ഉപരാഷ്ട്രപതി ഉറപ്പ് നല്‍കി. വ്യാഴാഴ്ച സംഘം കേന്ദ്ര ആരോഗ്യമന്ത്രിയെ സംഘം കാണുമെന്നു പി കരുണാകരന്‍ എം.പി അറിയിച്ചു. എംപിമാരായ നളീന്‍ കുമാര്‍ കട്ടീല്‍, പി കെ ശ്രീമതി ടീച്ചര്‍, തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപാലന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതിയെ കണ്ടത്.
