കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവളം കൈമാറലില്‍ കേന്ദ്ര സർക്കാരിനും അദാനിക്കും ഹൈക്കോടതിയുടെ നോട്ടീസ്‌

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവളം കൈമാറലില്‍ കേന്ദ്ര സർക്കാരിനും അദാനിക്കും ഹൈക്കോടതിയുടെ നോട്ടീസ്‌

കൊച്ചി: സ്വകാര്യവത്ക്കരണ ഭാഗമായി തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് കേരളാ സര്‍ക്കാര്‍ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും അദാനി അടക്കമുള്ള എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ നല്‍കിയിരുന്ന നല്‍കിയ ഉറപ്പ് ലംഘിച്ചാണ് സ്വകാര്യവല്‍ക്കരണമെന്നും ടെന്‍ഡര്‍ നടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഈ ഹര്‍ജി വ്യാഴാഴ്ച്ച ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്‍റെ പരിഗണനക്ക് വരും. ടെണ്ടറില്‍ കേരളാ സര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെ.എസ്‌.ഐ.ഡി.സി നല്‍കിയ ഹര്‍ജിയും വ്യാഴാഴ്ച്ച കോടതി പരിഗണിക്കും. 1932 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ നല്‍കിയ 258.06 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിച്ചത്. നിലവില്‍ ഈ ഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളതെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. പിന്നീട് 2003ല്‍ 27 ഏക്കര്‍ ഭൂമി പണം മുടക്കി ഏറ്റെടുത്തു സൗജന്യമായി നല്‍കി.

വിമാനതാവളത്തിന്‍റെ ആകെയുള്ള ഭൂമിയില്‍ 0.5756 ഹെക്ടര്‍ മാത്രമാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (എ.എ.ഐ) സ്വന്തം. വിമാനത്താവളത്തിന്‍റെ നടത്തിപ്പിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് (എസ്‌.പി.വി) രൂപം നല്‍കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സര്‍ക്കാറിന്‍റെ ഓഹരിയായി കണക്കാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. പക്ഷെ ഇത് ലംഘിച്ചാണ് സ്വകാര്യവല്‍ക്കരണത്തിന് നീക്കം.

കേന്ദ്രം സ്വീകരിച്ച ഏകപക്ഷീയമായ ഈ നടപടി അറിഞ്ഞയുടന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിന് കത്തെഴുതി.
സംസ്ഥാന സര്‍ക്കാര്‍ വക ഭൂമി വിമാനത്താവളത്തിനായി വിനിയോഗിച്ചിട്ടുണ്ട്. കേരളാ സര്‍ക്കാരിന് കണ്ണൂര്‍, കൊച്ചി എയര്‍പോര്‍ട്ടുകളുടെ മാതൃകയില്‍ വികസന പ്രവര്‍ത്തനങ്ങളും നടത്തിപ്പും തിരുവനന്തപുരത്ത് സാധ്യമാണ്. സാഹചര്യങ്ങള്‍ ഇങ്ങിനെ ആയിരിക്കെ സ്വകാര്യവത്കരണത്തില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിനെ ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാറിനോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെ എയര്‍പോര്‍ട്ട് സ്വകാര്യവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.

വിമാനത്താവളത്തിന്‍റെ നടത്തിപ്പില്‍ സംസ്ഥാനസര്‍ക്കാരിന് മുന്‍പരിചയമുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നതാണ്. കൂടാതെ മുന്‍പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തരുതെന്നും അഭ്യര്‍ത്ഥിച്ചു. എന്നിട്ടും സര്‍ക്കാരിന് മുന്‍ഗണന നല്‍കിയില്ല എന്ന് മാത്രമല്ല, മുന്‍പരിചയം വേണമെന്ന മുന്‍കാല വ്യവസ്ഥ ബോധപൂര്‍വ്വം ഒഴിവാക്കുകയും ചെയ്തു.

0Shares