
അഞ്ച് മാസങ്ങൾക്ക് ശേഷം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ലത്തൂരിൽ നടന്ന തെരഞ്ഞെടുച്ചു റാലിയിലാണ് രാഹുൽ ഇടവേളയ്ക്കുശേഷം പങ്കെടുത്തത്. ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവ ഉയർത്തിയാണ് ഇക്കുറിയും രാഹുൽ കേന്ദ്ര സർക്കാരിനെ ആക്രമിച്ചത്. കർഷകരുമായും തൊഴിലില്ലായ്മയുമായും ബന്ധപ്പെട്ടവയാണ് ഇപ്പോൾ രാജ്യത്തെ പ്രധാന പ്രശ്നങ്ങളെന്നു രാജ്യത്തെ ഏതൊരാൾക്കും അറിയാം.
ഒപ്പം നോട്ടു നിരോധനത്തിന്റെയും ജി.എസ്.ടിയും നടപ്പാക്കിയതിലൂടെ പാവപ്പെട്ടവന്റെ പണം പണക്കാരന്റെ കീശയിലെത്തി. ആർക്കായിരുന്നു നോട്ടുനിരോധനത്തിന്റെ ലാഭം കിട്ടിയത്? നീരവ് മോദി രക്ഷപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതു നോട്ടുനിരോധനത്തിന്റെ ഗുണം കിട്ടിയില്ലെങ്കിൽ തന്നെ തൂക്കിക്കൊല്ലാനാണ്. പക്ഷേ അതുകൊണ്ട് ആർക്കാണു ഗുണം? നോട്ടുനിരോധനവും ജി.എസ്.ടിയും പ്രതികൂലമായി ബാധിക്കാത്ത ഒരു ചെറുകിട വ്യാപാരിപോലും രാജ്യത്തില്ലെന്നും രാഹുൽ ചുണ്ടിക്കാട്ടി.

യുവാക്കൾ ജോലി ചോദിക്കുന്പോൾ സർക്കാർ ചന്ദ്രനെ നോക്കാൻ പറയുന്നു. മോദിയും അമിത് ഷായും ചന്ദ്രനെപ്പറ്റിയും കാശ്മീരിനെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും മാത്രം സംസാരിക്കുന്നു. രാജ്യത്തുള്ള മറ്റു പ്രശ്നങ്ങളെ നിശബ്ദമാക്കുന്നു. മാധ്യമങ്ങൾ കർഷകരുടെ പ്രശ്നങ്ങളിലും തൊഴിലില്ലായ്മയിലും മൂകത പാലിക്കുകയാണ്. 15 കോടീശ്വരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സർക്കാർ എഴുതിത്തള്ളിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഐഎസ്ആർഒ സ്ഥാപിച്ചത് കോണ്‍ഗ്രസാണ്. രണ്ടു ദിവസംകൊണ്ടല്ല റോക്കറ്റ് അയയ്ക്കുന്നത്. എന്നിട്ടും നരേന്ദ്ര മോദി അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നു. ചന്ദ്രനിലേക്കു റോക്കറ്റ് അയച്ചതിനാല്‍ യുവാക്കളുടെയും പാവപ്പെട്ടവരുടെയും വയറു നിറയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
