മുംബൈ: ഇന്ത്യയിലെ ഭൂരിഭാഗം സിനിമാതാരങ്ങളും മണ്ടന്‍മാരാണെന്ന ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന്റെ പ്രസ്താവനക്ക് ചുട്ടമറുപടിയുമായി നടന്‍ ശേഖര്‍ സുമന്‍. വിചിത്രമായ ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും സിനിമാ താരങ്ങള്‍ മണ്ടന്‍മാരാണെങ്കില്‍ സ്മൃതി ഇറാനിയേയും ശത്രുഘ്നന്‍ സിന്‍ഹയേയും വിനോദ് ഖന്നയേയും ഹേമമാലിനിയേയും ധര്‍മേന്ദ്രയേയും ബി.ജെ.പിയില്‍ എടുത്തത് എന്തിനാണ് എന്നുമായിരുന്നു ശേഖര്‍ സുമന്റെ ചോദ്യം. ജി.വി.എല്‍ നരസിംഹ റാവുവിന്റെ പ്രസ്താവനയിലൂടെ സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ളവര്‍ അഞ്ചുപൈസയുടെ ബുദ്ധിയില്ലാത്തവരാണ് എന്നാണോ താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും സുമന്‍ പരിഹസിച്ചു.
സ്മൃതി ഇറാനി കേന്ദ്രമന്ത്രിയാണ്. മറ്റ് താരങ്ങളെല്ലാം ബി.ജെ.പിയുടെ പ്രധാന പദവികള്‍ വഹിക്കുന്നവരുമാണ്. ഇവര്‍ക്കൊന്നും ബുദ്ധിയില്ലെന്നാണോ താങ്കള്‍ പറഞ്ഞതെന്നും സുമന്‍ ചോദിക്കുന്നു. നരസിംഹ റാവുവിന്റെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം നടനും സംവധായകനുമായ ഫര്‍ഹാന്‍ അക്തറും രംഗത്തെത്തിയിരുന്നു. എല്ലാ സിനിമാക്കാരും തന്നെപ്പോലെയാണെന്ന് കരുതരുതെന്നും ഇത് നാണക്കേടാണെന്നുമായിരുന്നു ഫര്‍ഹാന്റെ കമന്റ്.
വിജയ് ചിത്രം മെര്‍സലിനെ സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നരസിംഹറാവുവിന്റെ പ്രസ്താവന.