
ഉത്തരേന്ത്യ ഏകദേശം മുഴുവൻ ബി.ജെ.പിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറായെങ്കിലും അവരെ അകറ്റിനിർത്തുകയാണ് ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനങ്ങൾ. കേരളവും തമിഴ്നാടും യു.പി.എയ്ക്കൊപ്പം നിന്നതോടെ ദക്ഷിണേന്ത്യ മുഴുവൻ എന്നുള്ള ബി.ജെ.പിയുടെ മോഹങ്ങൾ അസ്തമിക്കുകയായിരുന്നു. കര്‍ണാടകയിലും തെലുങ്കാനയിലും ഒഴികെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
2008ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലും ബി.ജെ.പി കളംപിടിച്ചിരുന്നു. അന്നത്തെ വിജയത്തെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്. 2014ൽ ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലും ബി.ജെ.പി ചെറിയനിലയിൽ സാന്നിധ്യമറിയിച്ചു. ഇത്തവണ കര്‍ണാടകയ്ക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് തെലങ്കാനയില്‍ നിന്നാണ്.

പ്രാദേശിക പാർട്ടികൾ ശക്തമായതാണ് ആന്ധ്രയിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് തിരിച്ചടിയായത്. ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടി ആകെയുള്ള 25 സീറ്റിലും മുന്നിലെത്തി. എൻ.ഡി.എയോടു അനുഭാവമുള്ള ജഗൻമോഹൻ റെഡ്ഡിയുടെ വിജയം തങ്ങൾക്ക് നേട്ടമാകുമെന്നാണ് എൻ.ഡി.എ കണക്കുക്കൂട്ടുന്നത്. തമിഴ്നാട്ടിൽ 38 സീറ്റിൽ 31 സീറ്റും കോൺഗ്രസ് ഉൾപ്പെടുന്ന ഡി.എം.കെ സഖ്യം നേടിക്കഴിഞ്ഞു.
കേരളം ബി.ജെ.പിയിൽ വിശ്വാസമർപ്പിക്കാൻ ഇതുവരെ തയാറായിട്ടില്ല. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഒരിടത്തു പോലും വിജയിക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് സാധിച്ചില്ല. കുമ്മനം രാജശേഖരൻ മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമാണ് എന്‍.ഡി.എക്ക് രണ്ടാമതെങ്കിലും എത്താനായത്. കേന്ദ്രസർക്കാരിനോടുള്ള എതിർപ്പ് വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ.
