
കോഴിക്കോട്: കുറ്റ്യാടിയിലെ ചെറിയ കുമ്പളത്ത് നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്റ്റേജ് തകര്‍ന്നുവീണു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ മുരളീധരന് ഉള്‍പ്പെടെ വേദിയില്‍ നില്‍ക്കുമ്പോഴായിരുന്നു സ്റ്റേജ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കെ.മുരളീധരന് ഹരാര്പ്പണത്തിനായി പ്രവര്‍ത്തകര്‍ ഓരോരുത്തരായി വേദിയില്‍ കയറി മാലയണിയിക്കുമ്പോഴായിരുന്നു സ്റ്റേജ് തകര്‍ന്ന് വീണത്. തകരുമ്പോള്‍ വേദിയിലുണ്ടായിരുന്ന എല്ലാവരും സ്റ്റേജില്‍ നിന്നും താഴേക്ക് വീണെങ്കിലും ആര്‍ക്കും പരിക്കില്ല. ഹാരാര്‍പ്പണം നടത്തേണ്ടവര്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് അനൗണ്‍സ്മെന്റ് വന്നതോടെ പ്രവര്‍ത്തകര്‍ ഒരുമിച്ച് സ്റ്റേജിലേക്ക് കയറിയതോടെയാണ് സ്റ്റേജ് തകര്‍ന്നുവീണത്. പക്ഷെ സ്റ്റേജ് പൊട്ടിവീണിട്ടും നര്‍മ്മം കൈവിടാതെ മുരളീധരന് പ്രവര്‍ത്തകരോട് സംസാരിച്ചു.
”ഏത് പ്രതിസന്ധി വന്നാലും നമുക്ക് അതിനെ അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ട് പോലും ഒരു ആപത്തും ഉണ്ടായില്ല. അതാണ് ലക്ഷണം. അതുകൊണ്ട് ഇനി ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോകുന്നില്ല. ശക്തമായി മുന്നോട്ടു പോകാന്‍ നിങ്ങള്‍ സഹായിക്കണം അനുഗ്രഹിക്കണം”.- എന്നായിരുന്നു മുരളീധരന് പറഞ്ഞത്.
