
കെ.എം മാണി വിടപറഞ്ഞതോടെ അവസാനിക്കുന്നത് കേരളാ രാഷ്ട്രീയത്തിലെ ഒരു യുഗമാണ്. റിക്കോഡുകളുടെ കളിത്തോഴനായിരുന്നു കെ.എം മാണി എന്ന് ഒറ്റവാക്കില്‍ പറയാം. കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30-ന് ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്,. മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്‍റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി. 1959 ൽ കെ.പി.സി.സി യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി.
1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്‍റെ റെക്കോർഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി.
പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്‍റെ റെക്കോർഡും. അച്ചുതമേനൊന്‍റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്‍റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു.
ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിൽ മന്തിയാകാൻ അവസരം ലഭിച്ചു.

സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.
ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലവും (51 വർഷം) ഏറ്റവും കൂടുതൽ തവണയും നിയമസഭാംഗം (13 തവണ), ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്.
ബാർ കോഴ അഴിമതി ആരോപണവും രാജിയും
2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന് ബിജു രമേശ് ആരോപണമുന്നയിച്ചു. ബാർ കോഴ കേസിൽ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.
ബാർകോഴക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ഉത്തരവിനെതിരെ വിജിലൻസ് വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി കേസ് പരിഗണിക്കവെ നടത്തിയ “മന്ത്രിസ്ഥാനത്ത് കെ.എം മാണി തുടരുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുമെന്ന” കോടതിയുടെ പരാമർശം പുറത്തുവന്നതോടെ അദ്ദേഹത്തിന്‍റെ രാജിക്ക് സമ്മർദ്ദമേറി. സീസറിന്‍റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണമെന്നായിരുന്നു കോടതി പരാമർശം. കേസിലെ പ്രതികൂല കോടതിവിധിയെ തുടർന്ന് മന്ത്രി കെ.എം.മാണി രാജിവെച്ചു. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി നൽകി.
