
കോട്ടയം: കെ.എം മാണിയുടെ മരണത്തില്‍ ജോസ് കെ. മാണി രാഷ്ട്രീയം കളിച്ചെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മാണിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിലും ജോസ് കെ. മാണിയും ഭാര്യയും വോട്ടുതേടി നടക്കുകയായിരുന്നുവെന്ന് പറഞ്ഞു. “മാണിഗ്രൂപ്പിനെ പിരിച്ചുവിടണമെന്നാണ് എന്‍റെ അഭിപ്രായം. മാണിഗ്രൂപ്പിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു.
സ്വന്തം അപ്പനായ കെ.എം മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ് കെ. മാണി. മാണിസാറിനോട് എന്തുകൊണ്ടാണു മകനു വൈരാഗ്യമുണ്ടായതെന്നു പരിശോധിക്കേണ്ടതുണ്ട്. അതു ഞാന്‍ അദ്ദേഹത്തോടു തന്നെ സംസാരിച്ചിട്ടുള്ള കാര്യമാണ്. മാണിസാറിനോടു മകന് അലര്‍ജിയാണ്. അഞ്ചാം തീയതി രാത്രിതന്നെ മാണിസാറിന്‍റെ മരണം ഏകദേശം തീരുമാനമായതായിരുന്നു. ആറ്, ഏഴ്, എട്ട് തീയതികളില്‍ മകനും ഭാര്യയും കൈയില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു. അപ്പന്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാനാകുക?

മാണിസാറിന്‍റെ മരണശേഷം ശവശരീരത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചിട്ടുണ്ട്. പി.സി ചാക്കോ പ്രമുഖ രാഷ്ട്രീയക്കാരനായിരുന്നു. പള്ളിക്കകത്ത് ശവക്കോട്ടയില്‍ പ്രമുഖസ്ഥാനം നോക്കിയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ മാണിസാറിനെ ഒരു മൂലയിലാണ് അടക്കിയിരിക്കുന്നത്. അങ്ങോട്ടാരും ചെല്ലരുതെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം പ്രാര്‍ഥനയ്ക്കായോ കല്ലറ കാണാനോ ആരും അങ്ങോട്ട് ചെല്ലരുതെന്നു കരുതിയാണ് അങ്ങനെ ചെയ്തിരിക്കുന്നത്.”- ജോര്‍ജ് ആരോപിച്ചു.
കെ.എം മാണിയുടെ മരണത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമായതിനു തൊട്ടുപിറകെയാണ് ജോര്‍ജിന്‍റെ ആരോപണം. ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം ഇന്നു രാവിലെ രംഗത്തുവന്നിരുന്നു.
