കെ.എം അഹ് മദ് സ്മാരക മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; ‘അകം പുറം’ എന്ന പരിപാടി അവതരിപ്പിച്ചുവരുന്ന എം.എസ് ശ്രീകലയ്ക്ക് അവാര്‍ഡ്

  • Post category:news
  • Reading time:1 min read
You are currently viewing കെ.എം അഹ് മദ് സ്മാരക മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; ‘അകം പുറം’ എന്ന പരിപാടി അവതരിപ്പിച്ചുവരുന്ന എം.എസ് ശ്രീകലയ്ക്ക് അവാര്‍ഡ്

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പ്രസ് ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ് മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിവരുന്ന മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റര്‍ എം.എസ് ശ്രീകല അവാര്‍ഡിനര്‍ഹയായി. മാതൃഭൂമി ന്യൂസില്‍ അവതരിപ്പിച്ചുവരുന്ന ‘അകം പുറം’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ശ്രീകല എം.എസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സാമൂഹിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ‘അകം പുറം’ പരിപാടിയിലൂടെ, സമൂഹം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ശ്രീകലക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി കണ്ടെത്തി.പ്രശസ്ത നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട്, ചരിത്രകാരന്‍ ഡോ. സി. ബാലന്‍, പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയ ജൂറിയിലുണ്ടായിരുന്നവര്‍. പതിനായിരം രൂപയും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 16 ന് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കെ.എം അഹ് മദ് അനുസ്മരണ ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനിക്കും. സാംസ്‌കാരിക നേതാക്കളും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹികളും അടക്കമുള്ളവര്‍ സംബന്ധിക്കും. കെ.എം അഹ് മദിന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹായത്തോടെയാണ് നല്‍കുന്നത്. ഏഴാമത് പുരസ്‌കാരത്തിനാണ് ശ്രീകല അര്‍ഹയായത്.വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം സണ്ണി ജോസഫ്, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, സെക്രട്ടറി വിനോദ് പായം, കെ.എം. അഹ് മദിന്റെ മകന്‍ മുജീബ് അഹ്മദ് സംബന്ധിച്ചു.

0Shares