കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചു; കാസര്‍കോട്ടെ ഒരു അപ്പാര്‍ട്ടുമെന്റിനെതിനെതിരേ നടപടി വരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചു; കാസര്‍കോട്ടെ ഒരു അപ്പാര്‍ട്ടുമെന്റിനെതിനെതിരേ നടപടി വരുന്നു

കാസര്‍കോട്: കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്നില്‍ പണിത അപ്പാര്‍ട്ട്‌മെന്റിനെതിരേ നടപടിയെടുക്കാന്‍ കാസര്‍കോട് നഗരസഭയ്ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം. പരാതിയെ തുടര്‍ന്ന് സര്‍ക്കാരിന് ചീഫ് ടൗണ്‍പ്ലാനര്‍ വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഉത്തരവ്. രണ്ടുവര്‍ഷം മുമ്പാണ് നെല്ലിക്കുന്നില്‍ നാല് നിലയുള്ള അപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ചത്. നഗരസഭ നാല് നിലയുള്ള കെട്ടിടം നിര്‍മിക്കാനുള്ള അനുമതിയാണ് നല്‍കിയത്. എന്നാല്‍ ഉടമ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാടെ ലംഘിച്ച് ഒരുനിലകൂടി പണിയുകയായിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പരിസര വാസികള്‍ സര്‍ക്കാരിനും മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഓവുചാലിനുമുകളില്‍ നിയമം മറികടന്ന് റോഡ് നിര്‍മിച്ചെതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. കൂടാതെ റോഡില്‍ നിന്ന് നിശ്ചിത ദൂരപരിധി നോക്കാതെയാണ് നിര്‍മാണം നടത്തിയതെന്നും കെട്ടിടത്തിലെ മാലിന്യങ്ങള്‍ പരസ്യമായി പുഴയിലേക്ക് ഒഴുക്കുന്നതായും പരാതി ഉന്നയിച്ചിരുന്നു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കെട്ടിട നിര്‍മാണത്തില്‍ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വിജിലന്‍സിനെ ഏല്‍പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണം 24/5, 117 ചട്ടങ്ങള്‍ പ്രകാരം നിയമ ലംഘനം നടന്നതായിവിജിലന്‍സ് കണ്ടെത്തുകയും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടത്തിനെതിരേ അടിയന്തിര നിയമ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് ഉത്തരവ് നല്‍കിയത്. ഇതുപ്രകാരം നഗരസഭ ഉടമയ്ക്ക് നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണ്. അപ്പാര്‍ട്ട്മന്റില്‍ 16 കുടുംബങ്ങളാണ് ഫഌറ്റില്‍ താമസിക്കുന്നത്. കാസര്‍കോട് നഗരസഭാ പരിധിയില്‍ നിലവില്‍ നിരവധി കെട്ടിടങ്ങള്‍ നിയമം ലംഘിച്ച് പണിതതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷട്രീയ സ്വാധീനം ഉപയോഗിച്ച് പല പരാതികളും ഒത്തുതീര്‍പ്പാക്കുന്നതായെന്നാണ് വിവരം. പൊതുസ്ഥലം കയ്യേറിയും റോഡില്‍നിന്ന് ദൂരപരിധി ലംഘിച്ചും നിര്‍മിച്ച 15 ഓളം സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. നിലവില്‍ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും റവന്യൂ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചുവരുന്നുണ്ട്. ഈ തീരുമാനം കൂടുതല്‍ ശക്തമാക്കിയാല്‍ ഇനി കാസര്‍കോട്ടെ പല കെട്ടിടങ്ങള്‍ക്കെതിരേയും നടപടിവരുമെന്നാണ്‌ സൂചന.

 

0Shares