
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ പതിനൊന്ന് മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായ ബജറ്റ് അവതരണത്തില്‍ എല്ലാ മെമ്പര്‍മാരും സന്നിഹിതരായിരുന്നു.
നാടിന് അത്യന്താപേഷിതമായ കൃഷി, അനുബന്ധ ജലസേചനം, വിദ്യാഭ്യാസ ഗുണനിലവാരം, പട്ടികജാതി/ പട്ടികവര്‍ഗ ക്ഷേമ വികസനം തുടങ്ങിയ പ്രാഥമികആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതോടൊപ്പം മാറുന്ന കാലത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഇടം കൊടുത്തുകൊണ്ടുള്ള മികച്ച ബജറ്റാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കപ്പെട്ടത്.

കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി നെല്‍കൃഷിയുടെ വ്യാപനത്തിനും ചെക്ക് ഡാമുകളുടെ പുനരുദ്ധാരണത്തിനുമായി പ്രത്യേക പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടിരൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ തന്നെ എയര്‍ സ്ട്രിപ് നിര്‍മ്മാണവും നടത്താന്‍ ഒരുങ്ങുന്നു എന്നതാണ് വികസനത്തിന്റെ രണ്ട് തലങ്ങളെ അര്‍ഹമായ രീതിയില്‍ പരിഗണിക്കുന്നു എന്നതിന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടൊപ്പം സ്വകാര്യ പങ്കാളിത്തവും ഉറപ്പ് വരുത്തിയാണ് പെരിയയില്‍ ചെറുകിട വിമാനത്താവളം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. മുപ്പത് കോടിയാണ് പദ്ധതിക്ക് ചെലവുപ്രതീക്ഷിക്കുന്നത്.
ജില്ലയിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതിക്ക് രാജപുരത്ത് തുടക്കം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍ തന്നെ ചെറുകിട ചെക്ക് ഡാം നിര്‍മ്മാണം, പുഴകളുടെ സംരക്ഷണം, കിണര്‍ റീ ചാര്‍ജിംഗ്, മാതൃകാ ജലഗ്രാമങ്ങള്‍ എന്നിവയ്ക്കും വരള്‍ച്ചയുടെ കെടുതികള്‍ രൂക്ഷമായി അനുഭവവേദ്യമാകുന്ന ജില്ലയ്ക്ക് ആശ്വാസം ആകുമെന്ന് കണക്കാക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് രാജപുരത്ത് ജില്ലയിലെ ആദ്യ ജലവൈദ്യുതപദ്ധതി വരുന്നത്.
മറ്റ് പ്രധാന പദ്ധതികള്‍ ഒറ്റനോട്ടത്തില്‍:
* ക്ലീന്‍ കാസര്‍കോട് മിഷനിലൂടെ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി. ല്ലാ ഗ്രാമപഞ്ചായത്തുകളും പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന പദ്ധതിക് നീക്കിവെച്ചിരിക്കുന്നത് 80 ലക്ഷം രൂപയാണ്. ഇതോടൊപ്പം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഹരിത സേനകളും രൂപീകരിക്കും.
* പൊതുജനാരോഗ്യം- ക്യാന്‍സര്‍ വിമുക്ത കാസര്‍കോട്– 1.69കോടി രൂപയാണ് യുവജനങ്ങളെ ലക്ഷ്യമാക്കി ലഹരി വിമുക്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി നീക്കി വെച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ‘ കാന്‍കാസ് – ബി പോസിറ്റീവ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് ക്യാന്‍സര്‍ വിമുക്ത കാസര്‍കോട് എന്നതാണ്. 15ലക്ഷം രൂപയാണ് ഈ ലക്ഷ്യത്തില്‍ എത്താന്‍ പ്രതീക്ഷിക്കുന്നത്.

* വൃദ്ധക്ഷേമം, പകല്‍ വിശ്രമ കേന്ദ്രങ്ങള്‍ – വൃദ്ധക്ഷേമം, പോഷകാഹാരം, പകല്‍ വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുടെ പദ്ധതികള്‍ക്ക് നീക്കി വെച്ചിരിക്കുന്നത് 60ലക്ഷം രൂപയാണ്. കൊറഗ വിഭാഗത്തിന് പ്രത്യേക പോഷകാഹാര പദ്ധതിയാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്.
* വിദ്യാഭ്യാസം, ഭവനരഹിത ജില്ല – വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നാല് കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് രൂപം കൊടുക്കുമ്പോള്‍ ഭവനരഹിതരായവര്‍ ജില്ലയില്‍ ഉണ്ടാവരുത് എന്ന ലക്ഷ്യത്തിലേക്ക് ലൈഫ് മിഷനുമായി കൈകോര്‍ത്ത് എട്ടു കൊടിയുടെ പദ്ധതികള്‍ ആണ് എസ്.സി, എസ്.ടി പൊതുവിഭാഗം എന്നിവര്‍ക്കായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ‘ ഗോത്രവാഹിനി’ എന്ന പദ്ധതിയും ഇടംനേടിയിട്ടുണ്ട്.
* കല, സംസ്ക്കാരം, കായികക്ഷേമം– സ്കൂളുകളില്‍ കായികക്ഷേമം ലക്ഷ്യമാക്കുന്ന പദ്ധതികള്‍, പുതിയ ഭാഷാ, കല പഠനകേന്ദ്ര അനുമതി, ഭിന്ന ലിംഗക്കാരുടെ ക്ഷേമം എന്നിവ ലക്ഷ്യമാക്കുന്ന ഈ വിഭാഗത്തില്‍ 97 ലക്ഷം രൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
* വനിതാ- ശിശു- സാമൂഹികക്ഷേമം – സ്ത്രീകള്‍ക്ക് ജെന്റര്‍ റിസോഴ്സ് സെന്‍റര്‍ ,ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ്ണ പുനരധിവാസം, ബാല സൌഹൃദ പദ്ധതി (25ലക്ഷം) തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കായി ആരോഗ്യസ് സൗഹാര്‍ദ്ദ ഇടങ്ങള്‍ (75ലക്ഷം), എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
*മൃഗ ക്ഷീര സംരക്ഷണം – ബദിയടുക്കയില്‍ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാനുള്ള ഹാച്ചറി, ക്ഷീര മേഖലയിലെ സ്വയം പര്യാപ്തത (1.4 കോടി)എന്നിവയാണ് ഈ പദ്ധതിയില്‍.
