കോട്ടയം: കൂടെ താമസിച്ചിരുന്ന കാമുകി പിണങ്ങിപ്പോയതിനെ തുടര്‍ന്ന് യുവാവ് കൂറ്റന്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. പാലാ ബസ്സ്റ്റാന്‍റിന് സമീപത്തെ കെട്ടിടത്തിന് മുകളിലുള്ള ടവറിന്‍റെ മുകളിലായിരുന്നു യുവാവ് കയറിയത്. ഇന്നലെയായിരുന്നു സംഭവം. പൂഞ്ഞാറുകാരനായ ബിജു (32) ആയിരുന്നു കാമുകി പിണങ്ങിയതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. കുറേനാളായി കായംകുളത്ത് ഒരുമിച്ചു താമസിച്ചുവരികയായിരുന്ന ഇവർ. ഇന്നലെ ബിജുവിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുവരും പാലായില്‍ എത്തിയപ്പോള്‍ പിണങ്ങുകയായിരുന്നു.

തുടര്‍ന്ന് യുവതി ഈരാറ്റുപേട്ടയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ തുനിഞ്ഞതാണ് ബിജുവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ബിജു ടവറിന് മുകളില്‍ കയറിയതറിഞ്ഞ് പോലീസും അഗ്നിശമന സേനയും നാട്ടുകാരുമെല്ലാം കൂടി. ഇതോടെ ബിജു യുവതിയുടെ മൊബൈല്‍ നമ്പർ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആള്‍ക്കാര്‍ വിളിച്ചു പറയുകയും ഇവര്‍ എത്തി ബിജുവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. കാമുകി തിരിച്ചു വന്ന് വിളിച്ചതിനെ തുടര്‍ന്ന് യുവാവ് ടവറിൽ നിന്ന് ഇറങ്ങുകയായിരുന്നു. ബിജുവിനെതിരേ പോലീസ് കേസെടുത്ത് വിട്ടയച്ചു.