കൂടത്തായി കൊലപാതകങ്ങൾ: ജോളി ഒറ്റയ്ക്കല്ല, നിരീക്ഷണത്തിൽ 11 പേർ; രാഷ്ട്രീയനേതാവ് ഒരു ലക്ഷം ചെക്കായി നൽകി

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി കൊലപാതകങ്ങൾ: ജോളി ഒറ്റയ്ക്കല്ല, നിരീക്ഷണത്തിൽ 11 പേർ; രാഷ്ട്രീയനേതാവ് ഒരു ലക്ഷം ചെക്കായി നൽകി

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളും സ്വത്ത് തട്ടിപ്പും നടത്തിയത് താൻ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നു. ഇത് വരെ ചോദ്യം ചെയ്തിട്ടില്ലാത്തവർ ഉൾപ്പടെ 11 പേരിലേക്കാണ് അന്വേഷണം ചെന്നെത്തുന്നത്.

വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർ, പ്രാദേശികമായി സഹായങ്ങൾ നൽകിയ രണ്ട് രാഷ്ട്രീയനേതാക്കൾ, കോഴിക്കോട്ടെ രണ്ട് ക്രിമിനൽ അഭിഭാഷകർ എന്നിവരെയാണ് പോലീസ് നിരീക്ഷിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന് പോലീസ് ഏതാണ്ടുറപ്പിച്ച് കഴിഞ്ഞു. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവിൽപ്പത്രം തന്നെയാണ് ഇതിന്‍റെ തെളിവ്.

ഇതോടൊപ്പം ഒരു രാഷ്ട്രീയനേതാവ് ജോളിയ്ക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് ഈ പണം നൽകിയതെന്നറിയാൻ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇത്തരത്തിൽ പലരുമായി തോന്നിയ രീതിയിലുള്ള ജോളിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു ചെക്ക് ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്.

എവിടെ നിന്നാണ് ജോളിയ്ക്ക് ഈ പണമെല്ലാം ചെക്കായി കിട്ടിയിരുന്നത്? എന്തിന്? എന്നതൊക്കെയാണ് ഇനി പോലീസിന് പരിശോധിക്കേണ്ടത്. ലക്ഷങ്ങളുടെ ഇടപാടുകളും തിരിമറിയും ജോളി നടത്തിയിരുന്നു എന്നതാണ് അന്വേഷണത്തിലൂടെ തെളിയുന്നത്. കഴിഞ്ഞ ഒരു വർഷത്തെ ജോളിയുടെ ഫോൺ രേഖകൾ പൂർണമായും പോലീസ് പരിശോധിച്ചു കഴിഞ്ഞു. ഇതിൽ നിരവധി തവണ ഫോൺ ചെയ്ത ഏഴ് പേരെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യും.

0Shares