കൂടത്തായി: കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്‍റെ ഉറവിടം കണ്ടെത്തി; സയനൈഡ് നല്‍കിയ വ്യക്തി അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി: കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്‍റെ ഉറവിടം കണ്ടെത്തി; സയനൈഡ് നല്‍കിയ വ്യക്തി അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചു

കൂടത്തായി കേസില്‍ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്‍റെ ഉറവിടം കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നാണ് ഇതെത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. എസ്.ഐ ജീവന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത്തി ഇക്കാര്യം അന്വേഷിച്ചതോടെയാണ് ചുരുളഴിഞ്ഞത്.
മുഖ്യപ്രതിയായ ജോളിക്ക് സയനൈഡ് നല്‍കിയതു രണ്ടാം പ്രതിയായ മാത്യുവാണ്.

ഇദ്ദേഹം സയനൈഡ് വാങ്ങിയത് മൂന്നാംപ്രതി പ്രജികുമാറില്‍ നിന്നാണെന്നും നേരത്തേ വ്യക്തമായിരുന്നു. ഇതിന്‍റെ പിന്നാലെയാണ് അന്വേഷണം കോയമ്പത്തൂരിലേക്കെത്തിയത്. കോയമ്പത്തൂരിലെ സത്യന്‍ എന്നയാളായിരുന്നു മാത്യുവിന് സയനൈഡ് നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സത്യന്‍റെ മൊഴി രേഖപ്പെടുത്തി.

സത്യന് സയനൈഡ് നല്‍കിയ വ്യക്തി അഞ്ചുമാസം മുന്‍പ് മരിച്ചു. ഇയാള്‍ക്ക് സയനൈഡ് കൈവശം വെയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. ജോളി കോയമ്പത്തൂരിലേക്ക് പലതവണ പോയതിന്‍റെ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു. വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്ന പക്ഷം ജോളിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ജോളിയുമായി അടുത്ത ബന്ധമുള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ജോലി ചെയ്യുന്നതും കോയമ്പത്തൂരാണ്.

അതിനാല്‍ ജോളിയുടെ കോയമ്പത്തൂര്‍ യാത്രയുടെ ഉദ്ദേശം എന്തായിരുന്നുവെന്നത് ഉറപ്പിക്കേണ്ടതുണ്ട്. കോയമ്പത്തൂരില്‍ പോകുമ്പോള്‍, എന്‍.ഐ.ടിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ടൂര്‍ പോകുന്നുവെന്നാണ് ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നത്. മൂന്നു പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്നലെ താമരശ്ശേരി കോടതി നീട്ടിയിരുന്നു. നവംബര്‍ രണ്ടുവരെയാണ് റിമാന്‍ഡ് നീട്ടിയത്.

0Shares