കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു; അന്വേഷണം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക്; മരിച്ചവരുടെ കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു; അന്വേഷണം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക്; മരിച്ചവരുടെ കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി

ബന്ധുക്കള്‍ സംശയിച്ചത് പോലെതന്നെ കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക് അന്വേഷണം നീളുന്നതായാണ് സൂചന. ഇവര്‍ ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖകള്‍ ചമച്ച സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചതായാണ് വിവരം.

ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയരുന്നുണ്ട്. മരിച്ച ആറു പേരുടെ കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് സാമ്പിളുകള്‍ ശേഖരിച്ചു.

കോടഞ്ചേരി പള്ളിയില്‍ അടക്കിയ ചെറിയ കുട്ടിയുടെ മൃതദേഹമടക്കം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വടകര റൂറല്‍ എസ്പി കെ.ജി സൈമണിന്‍റെ നേതൃത്വത്തിലാണ് കൂടത്തായിയിലും കോടഞ്ചേരിയിലും മൃതദേഹ പരിശോധന നടന്നത്. മരണങ്ങള്‍ കൊലപാതകമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ കൂടത്തായി മച്ചാടിയില്‍ മാത്യു, ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരുടെ മരണം സംബന്ധിച്ചാണ് സംശയമുയര്‍ന്നിരിക്കുന്നത്.

അമേരിക്കയില്‍ താമസിക്കുന്ന ടോം തോമസിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. 2002ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 2008-ലായിരുന്നു ടോം തോമസിന്‍റെ മരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. 2014-ല്‍ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സ മരിച്ചു. പിന്നീട് സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു.

എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെന്ന് പറയുന്നു. മരണങ്ങളിലെ ഈ സമാനസാഹചര്യമാണ് സംശയത്തിലേക്ക് നയിച്ചത്. റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്‍റെ നിഗമനം.

0Shares