കുവൈത്ത് സിറ്റി: കുവൈത്ത ജഹ്റ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മലയാളിക്ക് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് കുത്തേറ്റത്. കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27)യ്ക്കാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതിക്ക് കുത്തേറ്റത്. മല്‍പ്പിടുത്തത്തിനിടയില്‍ വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.ഗോപികയും ഭര്‍ത്താവ് ബിജോയും താമസിക്കുന്നത് അബ്ബാസിയ ട്വന്റിഫോര്‍ ഫാര്‍മസി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ്. പിന്നില്‍ നിന്നെത്തിയ അക്രമിയെ തടയാന്‍ ശ്രമിക്കുമ്പോഴാണ് വയറിനും കാലിന്റെ തുടയിലും മുഖത്തും കുത്തേല്‍ക്കുന്നത്. തുടര്‍ന്ന് രണ്ടാം നിലയില്‍ നിന്നും രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ തന്നെ താഴത്തെ നിലയിലെത്തി ഗോപിക അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഗോപികയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ഗോപികയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരു വര്‍ഷം മുമ്പാണ് ഗോപിക കുവൈറ്റിലെത്തിയത്. ഭര്‍ത്താവ് ബിജോ അല്‍ ബാബ്റ്റൈന്‍ ഗ്രൂപ്പ് ആന്‍ഡ് നിസാന്‍ കുവൈറ്റില്‍ ഉദ്യോഗസ്ഥനാണ്.
അബ്ബാസിയയില്‍ മലയാളികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയെ കവര്‍ച്ചക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണെങ്കിലും ഇവിടെ വേണ്ടത്ര സുരക്ഷാ പരിശോധനകളോ സംരക്ഷണമോ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.