കാസര്‍കോട്: എണ്ണിയാലൊടുങ്ങാത്ത കുഴികളാണ് കാസര്‍കോട് നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡില്‍ യാത്രക്കാരെ എതിരേല്‍ക്കുക. മഴ കനത്തതോടെയാണ് റോഡുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്ന വന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സംഭവം മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തയായെങ്കിലും അധികൃതര്‍ക്ക് ഒരുകുലുക്കവുമുണ്ടായില്ല. പലേടത്തും ഗതാഗത കുരുക്കില്‍ പെട്ട് ജനപ്രതിനിധികളടക്കം റോഡിന്റെ ദുരവസ്ഥ നേരിട്ട് അറിഞ്ഞിരുന്നു. വിദ്യാനഗര്‍ മുതല്‍ മൊഗ്രല്‍ പുത്തൂര്‍ വരെ റോഡില്‍ പാതാള കുഴികളാണ് അപകടം മണത്ത് നില്‍ക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ മിക്ക റോഡുകളും ഇതേ സ്ഥിതി തന്നെയാണ്. ഇതിനിടേ ജില്ലാ വികസന സമിതിയോഗത്തില്‍ ഇത് സംബന്ധിച്ച് ചിലര്‍ സംഭവമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം കുഴിയടക്കാന്‍ പൊതുമരാമത്ത് അധികൃതരോട് നിര്‍ദേശിച്ചിരുന്നു.
ദേശീയപാത കാസര്‍കോട് നുള്ളിപ്പാടിയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴികളടക്കുന്നു
മഴ വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം റോഡിലെ അടച്ച കുഴിയുടെ ഇപ്പോഴത്തെ സ്ഥിതി
എന്നാല്‍ പൊതുമരാമത്ത് കണ്ണില്‍പൊടിയിടാനായി ചില സൂത്രപ്പണികള്‍ മാത്രമാണ് അറ്റകുറ്റപ്പണികളില്‍ കാട്ടിയതെന്നാണ് നാട്ടുകാരുടെ ആരോപണം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്ക് സമീപത്തുള്ള റോഡ് വെട്ടിയിട്ട് തല്‍ക്കാലം കുഴിയടക്കുകയായിരുന്നു. തുടര്‍ന്ന് കനത്ത മഴ വന്നതോടെ ആ കുഴികളില്‍ വെള്ളം കെട്ടികിടക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. നേരത്തെയുണ്ടായതിനേക്കാള്‍ ഭീകരമാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കുഴികള്‍. കറന്തക്കാട് റോഡരിക് മുഴുവന്‍ ചളിക്കെട്ടികിടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണനാവുക. ഇതുതന്നെയാണ് അധികൃതര്‍ ജനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡ് നന്നാക്കിയതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. നഗരസഭാ പരിധിയിലെ ദേശീയ പാതയില്‍ ഇതുതന്നെയാണ് കാണാനാവുക. ഇനി ഓണവും ബ്രക്രീദും അടുത്തതോടെ ഗതാഗത മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന കുരുക്കിലായിരിക്കും വാഹങ്ങളെന്ന് ഉറപ്പ്. അധികൃതര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.