കുറ്റ്യാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ദുരൂഹതയുണ്ടെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing കുറ്റ്യാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ദുരൂഹതയുണ്ടെന്ന് പോലീസ്

കോഴിക്കോട്: കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കക്കട്ടില്‍ മണിയൂര്‍താഴം നാണു മാസ്റ്ററാ(55)ണ് മരിച്ചത്. ഡോക്ടറെ കാണാന്‍ ബുധനാഴ്ച പുലര്‍ച്ചേ വീട്ടില്‍ നിന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. കാറിന് തീപിടിക്കാന്‍ കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചൂടുകാരണം നാട്ടുകാര്‍ക്ക് അടുത്തേക്ക് പോകാനായില്ല. ഇതുകാരണം രക്ഷാപ്രവര്‍ത്തനം വൈകി. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ അധ്യാപകനെ കണ്ടെത്തുകയായിരുന്നു.
കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ഥ കാരണം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ മകനെ ആശുപത്രിയില്‍ കാണിക്കുന്നതിന് വേണ്ടി ടോക്കണെടുക്കാനാണ് നാണു വീട്ടില്‍ നിന്ന് കാറുമായി പുറത്തിറങ്ങിയതെന്ന് പറയുന്നു. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ എത്തിയപ്പോഴാണ് സംഭവം. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആരുമുണ്ടായിരുന്നില്ല. അതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സി.ഐ സുനില്‍കുമാര്‍ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ അപകട കാരണം വ്യക്തമാകൂ എന്നും സി.ഐ പറഞ്ഞു. സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് വേണ്ടി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.എസ്.എന്‍.ഡി.പി യോഗം മണിയൂര്‍ താഴെ ശാഖ പ്രസിഡന്റാണ് നാണു. സുജാതയാണ് നാണുവിന്റെ ഭാര്യ. 

0Shares