കുറ്റിക്കോല്‍ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചില്ല; സാങ്കേതിക വിജയം നേടിയെന്ന് സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing കുറ്റിക്കോല്‍ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചില്ല; സാങ്കേതിക വിജയം നേടിയെന്ന് സി.പി.എം

 പീതാംബരന്‍ കുറ്റിക്കോല്‍

കുറ്റിക്കോല്‍ (കാസര്‍കോട്): കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചില്ല. അതേസമയം സാങ്കേതിക വിജയം ലഭിച്ചെന്ന് സി.പി.എം അവകാശപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ടായ കോണ്‍ഗ്രസ് വിമത പി.ജെ ലിസിക്കെതിരേ സി.പി.എമ്മിലെ പി.ദിവാകരനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.  ആറു പേര്‍ അവിശ്വാസപ്രമേയത്തെ പിന്തുണച്ച് സി.പി.എമ്മിന് വോട്ടുചെയ്തു. അതേസമയം നാല് വോട്ടാണ് ലിസിക്ക് ലഭിച്ചത്. ബി.ജെ.പി അംഗങ്ങള്‍ പ്രമേയ ചര്‍ച്ചയില്‍ സംബന്ധിച്ചെങ്കിലും ആര്‍ക്കും വോട്ട് ചെയ്തില്ല. സ്വതന്ത്രനായി വിജയിച്ചുവന്ന സുനീഷ് വോട്ടെടുപ്പില്‍ നിഷ്പക്ഷത പാലിച്ചു. കോണ്‍ഗ്രസ് വിമത സമീറാ ഖാദറും സി.പി.ഐ അംഗം നിര്‍മലകുമാരിയും യോഗത്തില്‍ ഹാജരായില്ല.സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍.ടി ലക്ഷ്മിക്കെതിരെ നേരത്തെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബി.ജെ.പിയിലെ പി.ദാമോദരനെ ഇടതുപക്ഷം ആഴ്ചകള്‍ക്ക് മുമ്പ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒരു സീറ്റുമാണുള്ളത്. കോണ്‍ഗ്രസ് വിമതര്‍ക്ക് നാലും ആര്‍.എസ്.പിക്ക് ഒരു സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്. ഒരുസ്വതന്ത്രനുമുണ്ട്.
അതേസമയം  കുറ്റിക്കോലില്‍ സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചുവെന്ന് സി.പി.എം ആരോപിച്ചു. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് നിലവിലുള്ള പ്രഖ്യാപിത സമീപനത്തിന് വിരുദ്ധമായ നിലപാടാണ്‌  സി.പി.ഐ സ്വീകരിച്ചതെന്ന് സി.പി.എമ്മിലെ പി ദിവാകരന്‍ കുറ്റപ്പെടുത്തി. സംസ്ഥാന ദേശീയടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരേയുള്ള ജനാധിപത്യമുന്നണിയുടെ ഭാഗമാണ് സി.പി.ഐ. പ്രദേശീകമായി ഈ നിലാപാട് സ്വീകരിക്കുന്നതിന് പകരം കോണ്‍ഗ്രസ് -ബി.ജെ.പി സഖ്യത്തെ സഹായിക്കുന്ന നിലപാടാണ് കുറ്റിക്കോലില്‍ സി.പി.ഐ സ്വീകരിച്ചിരിക്കുന്നതെന്ന് പി ദിവാകരന്‍ ചാനല്‍ ആര്‍ബിയോട് പറഞ്ഞു.

0Shares