കാഞ്ഞങ്ങാട് (കാസർകോട്): കാസർകോട് ജനറൽ ആശുപത്രിയിലെ ജുനിയർ കൺസൾട്ടന്റ് ആയ ഡോക്ടർ അരുൺ റാമിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാരുടെ സംഘടന. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ചേർന്ന കെ.ജി.എം.ഒ.എ യുടെ കാസറഗോഡ് ജില്ല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രതിയുടെ മുൻകൂർ ജാമ്യപേക്ഷ ഹൈകോടതി തള്ളിയ പശ്ചാത്തലത്തിലാണ് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കുന്നത്. പ്രതിയുടെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി മുമ്പാകെ ഉള്ളതു കൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്നാണ് മുമ്പ് പോലിസ് അധികൃതർ പറഞ്ഞിരുന്നത്. മുൻകൂർ ജാമ്യപേക്ഷ തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ആശുപത്രി ജീവനക്കാർക്കിടയിലും ഡോക്ടർമാർക്കിടയിലും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സർക്കാർ ആശുപത്രി ജീവനക്കാർക്ക് കിട്ടേണ്ട സാമാന്യ നീതി നിഷേധിക്കപ്പെട്ടതായാണ് ഡോക്ടർമാർ പറയുന്നത്. കുറ്റവാളികളുമായി അധികൃതർക്കുള്ള ബന്ധമാണ് നടപടികൾ വൈകാൻ കാരണമെന്നും ഡോക്ടർമാർ ആരോപിക്കുന്നു. കെ.ജി.എം.ഒ.എ യുടെ ജില്ലാ നേതാക്കൾ എസ്.പിയുമായി രണ്ട് പ്രാവശ്യം ബന്ധപ്പെട്ടിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും കെ.ജി.എം.ഒ.എ നേതാക്കൾ ചാനൽ ആർ.ബിയോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അറസ്റ്റും തുടർ നടപടികളും ഉടൻ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ്
കെ.ജി.എം.ഒ.എ കാസർകോട് ജില്ലാ കമ്മിറ്റി തീരുമാനം. കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.നാരയണ നായക്, സെക്രട്ടറി ഡോ.റിജിത്ത് കൃഷ്ണൻ, ഡോ.ജമാൽ അഹമ്മദ്, ഡോ.സുരേഷൻ വി, ഡോ.രമേഷ് ഡി ജി, ഡോ.മുഹമ്മദ്, ഡോ കായിഞ്ഞി, ഡോ. ഷമീമ ,ഡോ.അരുൺ റാം, ഡോ മനോജി എ ട്ടി, ഡോ. ഷക്കീൽ, ഡോ.സണ്ണി മാത്യൂ, ഡോ. മിനി, ഡോ.ജമാലുദ്ദീൻ ,ഡോ.രവീന്ദ്രൻ കെ. ഓ, ഡോ.അസീം തുടങ്ങിയവർ സംബന്ധിച്ചു.
