തിരുവല്ല: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ട് വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തള്ളി. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ തുടരുന്ന ഫാ. ജോബ് മാത്യുവിന്റേയും ജോണ്‍സണ്‍ വി മാത്യുവിന്റേയും ജാമ്യാപേക്ഷയാണ് തിരുവല്ല കോടതി തള്ളിയത്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്നു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയാണ് ആരോപണമുന്നയിച്ചത്. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്.
കേസിലെ രണ്ട്, മൂന്ന് പ്രതികളാണ് ഇവര്‍. അതിനിടെ കേസില്‍ ഇനിയും പിടിയിലാവാനുള്ള ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാ. ജെയ്‌സ് കെ ജോര്‍ജും കേരളത്തിലേക്ക് കടന്നതായി സൂചനകളുണ്ട്. ഇരുവരും സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി വരും. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല.
കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ട് വൈദികരുടെ ജാമ്യാപേക്ഷ തള്ളി