കുമ്പള: മുജങ്കാവ് തീര്‍ഥസ്നാനത്തിനായി കാവേരി സംക്രമണം പ്രമാണിച്ച് ആയിരങ്ങള്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരമണിക്കാരംഭിച്ച തീര്‍ഥസ്നാനം വൈകീട്ടുവരെ നീണ്ടുനിന്നു. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമായി നാല്‍പ്പതിനായിരത്തോളം ആളുകള്‍ തീര്‍ഥസ്നാനത്തിനായി എത്തിയതായി കണക്കാക്കുന്നു. മുജങ്കാവില്‍ തീര്‍ഥസ്നാനം നടത്തിയാല്‍ ചര്‍മരോഗമുള്‍പ്പടെയുള്ളവയ്ക്ക് ശമനമുണ്ടാകുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. മേല്‍ശാന്തി തീര്‍ത്ഥം കൊണ്ടു വന്ന് ദേവന് അഭിഷേകം ചെയ്ത ശേഷമാണ് തീര്‍ത്ഥ സ്നാനം ആരംഭിക്കുന്നത്. ഭക്ത ജനങ്ങള്‍ വീട്ടില്‍ നിന്ന് കുളിച്ച് ശുദ്ധമായി വന്ന് മുജങ്കാവ് ക്ഷേത്ര കുളത്തില്‍ തീര്‍ത്ഥ സ്നാനം ചെയ്ത് കുളത്തിന് പ്രദിക്ഷിണം വെച്ചു.
പിന്നീട് പച്ചരിയും മുതിരയും കുളത്തില്‍ അര്‍പിക്കുകയും ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രസാദം സ്വീകരിക്കുകയും ചെയ്തു. കക്കിരിക്കയും വാഴപ്പഴവും തേങ്ങയും സമര്‍പിക്കുന്നത് ദേവ പ്രീതിക്ക് കാരണമാകുമെന്നാണ് വിശ്വാസം. ഉത്സവം പ്രമാണിച്ച് വന്‍ സുരക്ഷാസന്നാഹമൊരുക്കിയിരുന്നു. ഉപ്പളയില്‍നിന്നും കാസര്‍കോട്ടുനിന്നുമുള്ള അഗ്‌നിരക്ഷാസേനയും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
കുമ്പള മുജങ്കാവ് തീര്‍ഥസ്നാനത്തിന് ആയിരങ്ങളെത്തി