അഹമ്മദാബാദ്: കുതിരയെ സ്വന്തമായി വാങ്ങിയതിന് ദലിത് യുവാവിനെ സവര്‍ണ ജാതിക്കാര്‍ കൊലപ്പെടുത്തി. 21 കാരനായ പ്രദീപ് റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഭാവ്നഗറിലെ ഉമറാല ടെഹ്സിലിലെ ടിംബി ഗ്രാമത്തിലാണ് സംഭവം. കൊലയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് കൊല്ലപ്പെട്ടത്. രണ്ട് മാസം മുമ്പാണ് പ്രദീപ് കുതിരയെ വാങ്ങിയത്. അന്ന് മുതല്‍ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. കൃഷി സ്ഥലത്തേക്ക് പോയിവന്നിട്ട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് പോയതായിരുന്നു യുവാവ്. കൃഷിസ്ഥലത്ത് കുതിരയെ ഓടിക്കാന്‍ പോയി തിരിച്ചുവരാന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദീപിന് പുറമെ കുതിരയെയും അക്രമികള്‍ കൊന്നു. പ്രദീപിന്റെ മൃതശരീരം ഭാവ്നഗറിലെ സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കുറ്റവാളികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. പിന്നീട് പോലിസുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് മൃതദേഹം വാങ്ങി സംസ്‌കരിച്ചു. ടിംബി ഗ്രാമത്തിലെ 3000 പേരില്‍ 10 ശതമാനം മാത്രമാണ് ദലിതരുള്ളത്.
കുതിരയെ സ്വന്തമായി വാങ്ങിയതാണ് കുറ്റം; ദലിത് യുവാവിനെയും കുതിരയെയും ഉയര്‍ന്ന ജാതിക്കാര്‍ കൊലപ്പെടുത്തി