കുടിവെള്ള, ജലസേചന പരിപാടികളില്‍ സര്‍ക്കാര്‍ എന്നും മുന്നില്‍: മന്ത്രി ഇ. ചന്ദ്രശേഖരൻ

  • Post category:news
  • Reading time:2 mins read
You are currently viewing കുടിവെള്ള, ജലസേചന പരിപാടികളില്‍ സര്‍ക്കാര്‍ എന്നും മുന്നില്‍: മന്ത്രി ഇ. ചന്ദ്രശേഖരൻ

മടിക്കൈ/ കാസർകോട്: ദൈനം ദിന ജീവിതത്തില്‍ വെള്ളത്തെപ്പോലെ അത്യാവശ്യമായ ഘടകം മറ്റൊന്നില്ല. മനുഷ്യനും സകല ജീവചാലങ്ങള്‍ക്കും ജീവിക്കാന്‍ ഏറെ അത്യാവശ്യമായ ഘടകമാണ് വെള്ളമാണ്. അതിനാല്‍ തന്നെ കുടിവെള്ള ജലസേചന പരിപാടികളില്‍ സര്‍ക്കാര്‍ എന്നും മുന്‍തൂക്കം നല്‍കിവരുന്നുണ്ട് എന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. മടിക്കൈ ഗ്രാമപഞ്ചായത്തിന്‍റെ നവീകരിച്ച കുടിവെള്ള വിതരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അദ്ദേഹം.

മനുഷ്യനോടൊപ്പം കൃഷിയുടേയും ജന്തുക്കളുടേയുമെല്ലാം നിലനില്‍പ്പിന് അത്യന്താപേക്ഷികമായ കുടിവെള്ള ജലസേചന പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. നാട്ടിലെ നീര്‍ച്ചാലുകളെല്ലാം ജീവന്‍ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ചെറിയ തടയണകള്‍ നിര്‍മ്മിച്ചും, നശിച്ച് തുടങ്ങിയവ സംരക്ഷിച്ചും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. മടിക്കൈ പഞ്ചായത്തില്‍ തന്നെ കുടിവെള്ള, ജലസേചന രംഗത്ത് വിവിധ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് മന്ത്രി പറഞ്ഞു.

നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മഴയുടെ അളവ് കുറഞ്ഞിട്ടില്ല. രണ്ട് വര്‍ഷങ്ങളില്‍ മഹാ പ്രളയത്തെ നാം മുന്നില്‍ കണ്ടു. എന്നിട്ടും നാല്, അഞ്ച് മാസങ്ങള്‍ കഴിയുമ്പോള്‍ നാം കുടിവെള്ള പ്രശ്‌നം നേരിടുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് തടയണ ഉണ്ടായാല്‍ മാത്രം പരിഹാരമാകുന്നില്ല. കൃത്യ സമയത്ത് തടഞ്ഞു നിര്‍ത്താനും തുറന്നു വിടാനുമുള്ള സംവിധാനങ്ങള്‍ വേണം. നമ്മുടെ നാട്ടിലെല്ലാം ഇപ്പോള്‍ അത്തരം പരിപാടികള്‍ തീവ്ര യജ്ഞമായി നടക്കുകയാണ്. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന ദൗത്യാമാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്, മന്ത്രി പറഞ്ഞു.


മണ്ണ് കലരാത്ത, ശുദ്ധത നൂറ് ശതമാനം ഉറപ്പുവരുത്തിയ കുടിവെള്ളമാണ് കാസര്‍കോട് വികസന പാക്കേജിലൂടെ ഇനി മടിക്കൈ നിവാസികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. അത്യാധുനിക രീതിയിലുള്ള ശുദ്ധജല പ്ലാന്റിന്‍റെ ഉദ്ഘാടനമാണ് ഇവിടെ നടന്നിരിക്കുന്നത് എന്ന് മടിക്കൈ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആളുള്‍ക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഏഴ് കോടിരൂപ ചിലവില്‍ നിര്‍മ്മിച്ച ശുദ്ധജല പ്ലാന്റ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ അധ്യക്ഷനായി. വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.സുദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കുഞ്ഞമ്പു, പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ഇന്ദിര, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമന, മുന്‍ മടിക്കൈ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റുമാരായ പി.ബേബി ബാലകൃഷ്ണന്‍, എം.രാജന്‍, കെ.വി കുമാരന്‍, എസ്.പ്രീത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares