കൊച്ചി: കുഞ്ഞുഫാത്തിമയെ ആരും മറന്നു കാണില്ല. ഒരുരാത്രി നാടുറങ്ങാതെ റോഡില്‍വഴിയൊരുക്കി ആംബുലന്‍സില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്കുള്ളയാത്ര. വെറും ആറ് മണിക്കൂറു കൊണ്ടാണ് ഫാത്തിമ ലെയ്ബ തിരുവനന്തപുരത്തെത്തിയത്. ഹൃദയ ശസ്ത്രക്രിയ നടത്തിയ ഫാത്തിമ ലെയ്ബ പുതുജീവിതത്തിലേക്ക്. കുഞ്ഞു ഫാത്തിമ ഇന്ന് ഹാപ്പിയാണ്. ജീവന് വേണ്ടി പോരാടി ജയിച്ച് അവള്‍ ജീവിതത്തിലേക്ക് തിരികെ വന്നു. ഇനി സ്വന്തം നാടായ കാസര്‍കോട്ടേക്ക് പോകുന്ന സന്തോഷത്തിലാണ് ഈ കുടുംബം. കഴിഞ്ഞ നവംബര്‍ 17 കാസര്‍കോട് ബദിയടുക്ക സ്വദേശികളായ സിറാജ് -ആയിഷത്ത് സഫുവാന ദമ്പതികള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പോലും ആകുന്നില്ല.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞാണ് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുന്നത്. നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച കണ്‍മണിയായതുകൊണ്ട് തന്നെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പക്ഷെ വിധിയുടെ ക്രൂരത ഈ കുടുംബത്തെയും ദുരിതപൂര്‍ണമാക്കി. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടിയുടെ ഹൃദയദമനികള്‍ കെട്ട് പിണഞ്ഞു കിടന്നിരുന്നു. നിശ്ചിത കാലയളവിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എസ്എടി ആശുപത്രിയില്‍ ഉടന്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അവളെ കിട്ടില്ലെന്നായിരുന്നു മുന്നറിയിപ്പ്. അങ്ങനെ ആറ് മണിക്കൂറുകൊണ്ട് ഫാത്തിമയെ നെഞ്ചോട് ചേര്‍ത്ത് ശ്രീചിത്രയിലെത്തിച്ചു. ഫാത്തിമക്ക് വേണ്ടി കേരളം മുഴുവന്‍ വഴിയൊരുക്കി പ്രാര്‍ഥന നടത്തി. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ മാസം പത്താം തിയതി ഡിസ്ചാര്‍ജ് ചെയ്തു.
പക്ഷേ, കൂടുതല്‍ സംരക്ഷണം ആവശ്യമുള്ളതുകൊണ്ട് ആശുപത്രി പരിസരത്ത് തന്നെ താമസിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തൊട്ടടുത്ത് റൂമെടുത്ത് താമസിച്ചു. ഭക്ഷണത്തിന് പോലും പണമില്ലാതെ വേവലാതിയിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ ഇനി നാട്ടിലേക്ക് മടങ്ങുകയാണ്. പക്ഷെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ആരും തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന പരിഭവം കൂടി ഇവര്‍ക്കുണ്ട്.
കുഞ്ഞുഫാത്തിമ ഇപ്പോള്‍ ഹാപ്പിയിലാണ്; വീണ്ടും കേരളത്തിന് നന്ദി പറഞ്ഞ് ജന്മനാട്ടിലേക്ക്; പരിയാരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര മറക്കാനാകാതെ മാതാപിതാക്കള്‍