
ഹാഫിള് എൻ. കെ. എം മഹ്ളരി ബെളിഞ്ച
9400397681
വർഷങ്ങൾക്ക് മുമ്പ് നീലേശ്വരം കോട്ടപ്പുറത്ത് നടന്ന എസ്. എസ്. എഫ് ജില്ലാ സാഹിത്യോത്സവ് വേദിയിലാണ് ആദ്യമായി സുൽത്താൻ കുഞ്ഞഹമ്മദ് ഹാജിയെ കാണുന്നത്. സമാപന സമ്മേളന വേദിയിൽ സമ്മാനങ്ങൾക്കായി കാത്തിരിക്കുന്ന മത്സരാർത്ഥികളെ കൂട്ടത്തിൽ വിനീതനും ഉണ്ടായിരുന്നു.ജില്ലാ പ്രസിഡണ്ടായിരുന്ന കളത്തൂർ മൂസ സഖാഫിയുടെ സ്ഫുടമായ പ്രസംഗ ഭാഷയിൽ സുൽത്താൻ ഹാജിയെ സദസ്സിന് പരിചയപ്പെടുത്തി.
പരിപാടിയുടെ മുഖ്യാഥിതിയായി എത്തിയ ഹാജിയുടെ വകയായിരുന്നു വിജയികൾക്കുള്ള വിലപ്പെട്ട സമ്മാനങ്ങൾ. അദ്ദേഹം നൽകിയ മനോഹരമായ ക്ലോക്കുകൾ ഒരു പക്ഷെ ചിതലരിയാതെ ഇന്നും പല ചുമരുകളിലും ദൗത്യ നിർവഹണത്തിലായിരിക്കും…
പ്രഭാഷകന്റെ വൈഭവം നിറഞ്ഞ വാക്കുകളിൽ തിരമാലപോലെ അലയടിച്ച സുൽത്താൻ കുഞ്ഞഹമ്മദ് ഹാജിയെന്ന നാമം എന്റെ മനസ്സിൽ ആദരവിന്റെ നൗക പണിതു. തൊപ്പിയും ശുഭ്രവസ്ത്രവും ധരിച്ച് മുൻനിരയിൽ ഭവ്യതയോടെ ഇരിക്കുന്ന ആ രംഗം ഇന്നും മനസ്സിൽ മിന്നുന്നു. നൂറിലേറെ മത്സരാർത്ഥികൾക്കുള്ള സമ്മാനം ഒരാൾ തന്നെ നൽകിയത് ആശ്ചര്യത്തോടെയാണ് കണ്ടത്. ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെ മനസ്സിലാക്കാനുള്ള പക്വതയും പാകതയും ഇളം മനസ്സിന് അന്നില്ലായിരുന്നു.
പിന്നീട് മുഹിമ്മാത്ത് അടക്കമുള്ള സ്ഥാപന സംഘടന പരിപാടികളിൽ നിറസാന്നിധ്യമായി കുഞ്ഞഹമ്മദ് ഹാജിയെ കാണാൻ തുടങ്ങി.സാധാരണയിലെ ബിസ്നസ്സുകാരൻ മാത്രമായിരുന്നില്ല കുഞ്ഞഹമ്മദ് ഹാജി.നാഥന്റെ പ്രീതി കാംക്ഷിച്ച നിശ്കളങ്കനായ ദീനീ സ്നേഹിയും ഉദാരമതിയുമായിരുന്നു അദ്ദേഹം. ദീനീ കാര്യങ്ങൾക്ക് സഹായം നൽകുന്നതിൽ നീരസം പ്രകടിപ്പിച്ചില്ല.

പലപ്പോഴായി പല സംരംഭങ്ങൾക്കും അദ്ദേഹത്തെ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം ആവശ്യമായ സഹായങ്ങൾ നൽകാൻ അദ്ദേഹം ഉത്സാഹം കാട്ടി എന്നതാണ് നേര്.കുഞ്ഞഹമ്മദ് ഹാജി സഹായിക്കാത്ത സംഘടനാ സ്ഥാപന പരിപാടികൾ വിരളമായിരിക്കും എന്നതാണ് ശരി.
കുമ്പളയിലെ വസ്ത്രവ്യാപാരിയായി ബിസ്സ്നസ് മേഖലയിലേക്ക് വന്ന അദ്ദേഹം തികഞ്ഞ മത സ്നേഹിയായിരുന്നു. അനാഥത്വത്തിന്റെ കൈപ്പുനീർ കുടിച്ച് വളർന്ന കുഞ്ഞഹമ്മദ് ഹാജിക്ക് അപരന്റെ വേദന മനസ്സിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടിയിരുന്നില്ല. നാട്ടിലെ ജാതി മത കക്ഷിരാഷ്ട്രീയ പ്രായ വ്യത്യാസമന്യേ എല്ലാവർക്കും അഭയവും ആശ്രയവുമായിരുന്നു അദ്ദേഹം. അഭ്യാസിയായിരുന്ന ഹാജിയാരുടെ അടുക്കൽ തടവിക്കാനായി എത്തിയിരുന്ന ആബാലവൃദ്ധരോട് സൗമ്യതയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലാണ് നാട്ടുകാർക്കിടയിൽ പ്രിയങ്കരനാക്കിയത്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എല്ലിന് ക്ഷതമേറ്റ് വേദനയിൽ പുളഞ്ഞവർക്ക് ഹാജിയാരുടെ തടവൽ സേവനം വലിയ ആശ്വാസമായിരുന്നു. അപരന്റെ സുഖവും സന്തോഷവുമായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.
വസ്ത്രവ്യാപാരത്തിൽ നിന്ന് നേടിയെടുത്ത വിശ്വാസ്യതയും പിന്തുണയുമാണ് സ്വർണ്ണ വ്യാപാരത്തിലേക്ക് കുഞ്ഞഹമ്മദ് ഹാജിയെ എത്തിച്ചത്.ജീവിത വിശുദ്ധിയും വിശ്വാസ്യതയും മരണം വരെ കാത്ത് സൂക്ഷിക്കാൻ സാധിച്ചത് ഹാജിയാരുടെ ഗുണവിശേഷമാണ്.
കാസർകോട് നിന്ന് ആരംഭിച്ച സുത്താൻ ഗോൾഡിനെ അന്താരാഷ്ട്രതലത്തിൽ ഇടംപിടിപ്പിച്ചത് ചെയർമാനായ കുഞ്ഞഹമ്മദ് ഹാജിക്ക് ജനം നൽകിയ സ്നേഹവും അംഗീകാരവുമാണ്. ബിസ്നസ്സ് ലോകം കെട്ടിപ്പടുക്കുമ്പോഴെല്ലാം ദീനീ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യം ഉറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.ദിവസവും 4 മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിച്ചിരുന്ന അദ്ദേഹം സുബ്ഹ് നിസ്കാരത്തിന്റെ ജമാഅത്തിനായ് പള്ളിയുടെ മുൻനിരയിലുണ്ടാകും.വെള്ളിയാഴ്ചകളിൽ കാസർകോട് സുന്നീ സെൻറർ പള്ളിയിൽ നേരത്തെ തന്നെ ജുമുഅക്കായി എത്തുമെന്നാണ് ഖത്തീബായ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി പങ്ക് വെക്കുന്നത്.
ബിസിനസ് രംഗത്തെ തിരക്കുകൾ അദ്ദേഹത്തിന്റെ ആരാധനക്ക് തടസ്സമായിരുന്നില്ല. സദാ ഖുർആനും ദിഖ്റുമായി ചുണ്ട് ചലിപ്പിച്ച ഹാജിയാർ സയ്യിദന്മാരെയും പണ്ഡിതന്മാരെയും സ്നേഹിച്ചു.സ്ഥാപനങ്ങൾക്കും ദീനീ പ്രവർത്തനങ്ങൾക്കും നിർലോഭ സഹായം നൽകി. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം ഉസ്താദുമായുള്ള ബന്ധമാണ് തന്റെ മകനെ മർക്കസ്സിൽ ചേർത്ത് പഠിപ്പിച്ചത്.സമ്പത്തിന്റെ പളപളങ്കിൽ മക്കൾ വഴിതെറ്റാതിരിക്കാനായി ദീനീ സ്ഥാപനങ്ങളുമായും പണ്ഡിതന്മാരുമായും അവരെ ബന്ധിപ്പിച്ചു.
കുമ്പോൽ തറവാടുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ, സയ്യിദ് കൂറാ തങ്ങൾ, എം. എ ഉസ്താദ്, അലിക്കുഞ്ഞി ഉസ്താദ് ഷിറിയ തുടങ്ങിയ നേതാക്കളുമായും വേർപിരിയാത്ത സ്നേഹ ബന്ധത്തിലായിരുന്നു.
നിശബ്ദമായ ജീവിതത്തിലൂടെ വിപ്ലവം തീർത്ത ഉമറാക്കളിൽ പ്രമുഖനായിരുന്നു സുൽത്താൻ ഹാജി.സഹായം ചോദിച്ചെത്തുന്നവർക്കെല്ലാം മനം നിറയെ സന്തോഷം നൽകി. സമ്പത്തിൽ നിന്നും അർഹർക്ക് നൽകേണ്ട സകാത്തുകൾ മുറതെറ്റാതെ നിർവഹിക്കാൻ നിർബന്ധ ബുദ്ധിയായിരുന്നു കുഞ്ഞഹമ്മദ് ഹാജിക്ക്.
തന്റെ വല്യുപ്പയുടെ നാമമായിരുന്ന സുൽത്താൻ ഒടുവിൽ കുഞ്ഞഹമ്മദ് ഹാജിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെയും മേൽവിലാസമായി മാറി.”ധർമ്മം കർമ്മമാക്കിയ സുൽത്താൻ” അതാണ് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ പാരത്രീക ജീവിതം നാഥൻ പ്രകാശപൂരിതമാക്കട്ടെ, ആമീൻ.
