
തിരുവനന്തപുരം : കേരളത്തിൽ ഭൂഗര്‍ഭ ജലത്തില്‍ വന്‍കുറവുള്ള കാസർകോട്, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ വരൾച്ച നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. പദ്ധതികൾക്ക് ഈ ജില്ലകൾക്ക‌് പ്രത്യേക ശ്രദ്ധ നൽകും. സംസ്ഥാന ജല അതോറിറ്റി, റവന്യൂ, തദ്ദേശസ്വയംഭരണം, ജലസേചനം എന്നീ വകുപ്പുകൾ സംയുക്തമായാണ‌് പ്രവർത്തിക്കുക. വരൾച്ചയ്ക്ക് മുൻപ് മുൻകരുതലുകൾ കൈക്കൊള്ളാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു. ജലക്ഷാമം പരിഹരിക്കാനായി ഈ ജില്ലകളിൽ ഉദ്യോഗസ്ഥർക്ക‌് സർക്കാർ നിർദേശം നൽകി.

താൽക്കാലികമായുള്ള തടയണകൾ നിർമിക്കുക, കിണർ, കുളം തുടങ്ങിയവ പുനരുജ്ജീവിപ്പിക്കുക, നീർച്ചാലുകൾ നിർമിക്കുക, സാധ്യത പരിശോധിച്ച പൈപ്പ‌് ലൈനുകൾ ദീർഘിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. കുടിവെള്ളത്തിൻ്റെ ദുരുപയോഗം തടയൽ, ഗുണനിലവാരം ഉറപ്പുവരുത്തൽ, കേടായ കിണറുകൾ, കുളങ്ങൾ, വെള്ളം കെട്ടിക്കടിക്കുന്ന പാറമടകൾ തുടങ്ങിയവ ശുദ്ധീകരിച്ച‌് ജലവിതരണത്തിന‌് പര്യാപ‌്തമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും. കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കും.
അണക്കെട്ടുകളിൽനിന്ന‌് ജലമെത്തിക്കുന്നതിന‌് കനാലുകൾ വൃത്തിയാക്കി അറ്റകുറ്റപ്പണി നടത്തും. കടലിൽനിന്ന‌് നദികളിലേക്ക് ഉപ്പുവെള്ളം കയറുന്നത‌് തടയാനായി താൽക്കാലിക തടയണകൾ നിർമിക്കും. നിലവിൽ അണക്കെട്ടുകളുടെ സംഭരണികളിൽനിന്നുള്ള ജല ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
കേരളം അഭിമുഖീകരിച്ച നൂറ്റാണ്ടിലെ പ്രളയത്തിനുശേഷം ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുഴൽക്കിണർ നിർമാണത്തിന് ലൈസൻസ് നൽകുന്നത് സർക്കാർ നിർത്തിവെച്ചിരുന്നു. മാത്രമല്ല, ജലം കൂടുതലായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഭൂഗർഭജലം താഴുന്നതിനെ പ്രതിരോധിക്കാനായി ഹരിത കേരളം മിഷനുമായി സഹകരിച്ച് വിവിധ പദ്ധതികൾ ആവിഷ‌്കരിച്ച‌് നടപ്പാക്കുന്നുണ്ട‌്.
