കാസർകോട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പാമ്പുകടിച്ചു; രക്ഷപെട്ടത് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ അവസരോചിത ഇടപെടലില്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പാമ്പുകടിച്ചു; രക്ഷപെട്ടത് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ അവസരോചിത ഇടപെടലില്‍

പെരിയ:കാസര്‍കോട് ജില്ലയിലെ പെരിയയില്‍ സ്കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പാമ്പുകടിച്ചു. ഈ സമയം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ അവസരോചിതമായ ഇടപെടൽകൊണ്ട് വിദ്യാര്‍ത്ഥിക്ക് ചികിത്സ ലഭിച്ചതിനാല്‍ രക്ഷപെടുകയായിരുന്നു. പുതിയകണ്ടം സര്‍ക്കാര്‍ യു.പി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിയും മൂലക്കണ്ടം കോളിനിയിലെ ജമാൽ-രജനി ദമ്പതിമാരുടെ മകനുമായ രഞ്ജിത്തിനെയാണ് കഴിഞ്ഞദിവസം വൈകീട്ട് പാമ്പുകടിച്ചത്.

രഞ്ജിത്ത് കൂട്ടുകാരോടൊപ്പം നടന്നുവരുമ്പോൾ അബദ്ധത്തിൽ പാമ്പിനെ ചവിട്ടുകയും തുടര്‍ന്ന് പാമ്പ്‌ കടിക്കുകയുമായിരുന്നു. ഭയന്ന് നിലവിളിച്ച വിദ്യാർത്ഥിയെ ഒപ്പമുണ്ടായിരുന്ന ചേട്ടൻ അർജുനും മറ്റ് കൂട്ടുകാരും അരക്കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് കൊണ്ടുപോയി. ഈ സമയം വീടിനടുത്തുള്ള റോഡരികിൽ നിൽക്കുകയായിരുന്നു ജമാൽ.

ഇവര്‍ ഉടൻ ഓട്ടോയിൽ രഞ്ജിത്തിനെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചു. ആശുപത്രിയില്‍ നടന്ന വിദഗ്ധ പരിശോധനയിൽ വിഷമുള്ള പാമ്പല്ല കടിച്ചതെന്ന് തെളിഞ്ഞെങ്കിലും രാത്രിയും പലതവണ രക്തപരിശോധന നടത്തി വിഷം ദേഹത്ത് കയറിയില്ലെന്ന് ഉറപ്പുവരുത്തി. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്കൂളില്‍ നിന്നും അധ്യാപകരും ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്നലെ രാവിലെ 10 വരെ കുട്ടിയെ നിരീക്ഷണത്തിൽ വെച്ചശേഷം വീട്ടിലേക്ക് വിട്ടു. വിവരമറിഞ്ഞ് ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീധരൻ, പൊതുവിദ്യാഭ്യാസയജ്ഞം കോ ഓർഡിനേറ്റർ ദിലീപ് കുമാർ തുടങ്ങിയവർ കുട്ടിയുടെ വീട്ടിലെത്തി.

0Shares