
തിരുവനന്തപുരം: കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും.നാളെ റീപോളിംങ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചെന്ന് കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു.

വോട്ട് രേഖപ്പെടുത്താന്‍ വരുന്നവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും കളക്ടര്‍ വീണ്ടും വ്യക്തമാക്കി. കാസര്‍കോട് റീപോളിങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഔദ്യോഗിക ക്യാമറകള്‍ ബൂത്തില്‍ സ്ഥാപിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ വേണ്ട മുന്നൊരുക്കമില്ലാതെയാണ് റീ പോളിംഗ് നടക്കുന്നതെന്നും ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നടപടിയെന്നുമാണ് കോടിയേരി ആരോപിച്ചത്.
