
കാഞ്ഞങ്ങാട്: പ്രളയകാലത്ത് ഉൾപ്പെടെ നടത്തിയഅഗ്നിശമന രക്ഷാസേനയുടെ മഹത്തായ പ്രവർത്തനങ്ങൾ സമൂഹം വിലമതിക്കുന്നതാണെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. കാസർകോട് ജില്ലയിൽ കൂടുതൽ അഗ്നിശമനസുരക്ഷാ സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള ആവശ്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് അഗ്നിശമന സുരക്ഷാ സേനയുടെ ഇരുപതാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാസർകോട് അടുക്കത്ത് ബയൽ ഗ്യാസ് ടാങ്കർ മറിഞ്ഞ അപകടം നേരിടുന്നതിൽ അഗ്നിശമന രക്ഷാസേന പ്രവർത്തനവും മാതൃകാപരമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സേന നടത്തുന്ന പ്രവർത്തനങ്ങൾ അമൂല്യമാണ്. കേരളം നേരിട്ട രണ്ട് പ്രളയ കാലത്തും പൊതുസമൂഹത്തിനായി സേനയുടെ പ്രവർത്തനം കണ്ടു. ജനപ്രതിനിധികളും സംസ്ഥാന സർക്കാരും മാത്രമല്ല പൊതു സമൂഹം ഒന്നടങ്കം സേനയുടെ പ്രവർത്തനങ്ങൾ അഭിനന്ദിക്കേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു
കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി ഭാഗീരഥി അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. സുധാകരൻ ഫയർഫോഴ്സ് ഓഫീസർ ബി. രാജ് രാജ നഗരസഭാ കൗൺസിലർ സ്റ്റേഷൻ ഓഫീസർമാരായ സി. പി രാജേഷ് ഷാജി ജോസഫ്, പ്രകാശ് കുമാർ കെ. എം ശ്രീനാഥൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫീസർ കെ. വി പ്രഭാകരൻ സ്വാഗതവും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില നന്ദിയും പറഞ്ഞു.
