കാസർകോട് ജില്ലയില്‍ ജാതീയ വിവേചനം കുറവ്: പട്ടികജാതി – പട്ടികഗോത്രവര്‍ഗ കമ്മീഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയില്‍ ജാതീയ വിവേചനം കുറവ്: പട്ടികജാതി – പട്ടികഗോത്രവര്‍ഗ കമ്മീഷന്‍

കാസർകോട് : ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ ജാതീയ വിവേചനവും അതിക്രമങ്ങളും താരതമ്യേന കുറവാണെന്ന് സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ് മാവോജി പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജാതീയ വിഭജനം കുറവും വിവിധ വിഭാഗങ്ങള്‍ സൗഹാര്‍ദപരമായാണ് അധിവസിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ പരാതി പരിഹാര അദാലത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍. അദാലത്തില്‍ അതിക്രമം, ജാതീയ വിവേചനം, അടിപിടി തുടങ്ങിയ പരാതികള്‍ കുറവാണ്. ഇത് ജില്ലയിലെ സാമുദായിക സൗഹാര്‍ദത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാലത്തില്‍ 111 പരാതികളാണ് പരിഗണിച്ചത്. അതില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ ബന്ധപ്പെട്ട അധികാരികളോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയിടപാടുകള്‍, കൈവശാവകാശം, പട്ടയം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു കൂടുതൽ പരാതികള്‍. കൈവശാവകാശവുമായി ബന്ധപ്പെട്ട പരാതിയില്‍ ഈ മാസം 27 ന് കാസര്‍കോട് താലൂക്ക് പട്ടയമേള സംഘടിപ്പിക്കുന്നുണ്ടെന്നും 200ഓളം പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും ആര്‍.ഡി.ഒ പറഞ്ഞു.

ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതായി ഉന്നയിച്ച പരാതി അന്വേഷിക്കുന്നതിനായി ബന്തടുക്ക മേഖലയിലെ ക്ഷേത്രത്തിലേക്ക് അധികൃതരെ അയക്കുമെന്ന് കമ്മീഷന്‍ അംഗം മുന്‍ എം.പി എസ്. അജയകുമാര്‍ പറഞ്ഞു. കൊറഗ വിഭാഗത്തിന് ശ്മശാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി ആവശ്യമുന്നയിച്ചതായും ഇതിന് പിന്നിലെ താല്പര്യം വ്യക്തമല്ലെന്നും ജാതീയമായ ശ്മശാനം പുരോഗമനപരമായ സമൂഹത്തില്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares