
കാസർകോട് : കാസർകോട് ചെറുവത്തൂരിൽ ബൈക്കിൽ കാറിടിച്ച് ചാനൽ ക്യാമറാമാൻ മരിച്ചു. നീലേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന “സി-നെറ്റ്” പ്രാദേശിക ചാനലിലെ ക്യാമറാമാൻ പ്രകാശൻ കുട്ടമത്ത് (32)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചെറുവത്തൂർ ചെക്ക്പോസ്റ്റിന് സമീപം ദേശീയപാതയിലാണ് അപകടം. പ്രകാശും സുഹൃത്തും ബൈക്കിൽ സഞ്ചരിക്കുമ്പോൾ അമിതവേഗതയിൽ വന്ന സോകോർപിയോ വാഹനം ഇടിക്കുകയായിരുന്നു.

ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനത്തിലെ യാത്രക്കാരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിലാണ്. ഇടിച്ചിട്ട സ്കോർപിയോ വാഹനത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. പ്രകാശന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
