
കാസര്‍കോട്: വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം തുടരുന്നു. സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ തടസപ്പെടുത്തുന്നു എന്ന് കാണിച്ചുകൊണ്ട് സര്‍വകലാശാല രജിസ്ട്രാര്‍ നോട്ടീസ് നല്‍കുകയും ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ പറയുന്ന വാദങ്ങള്‍ അടങ്ങിയ പത്രക്കുറിപ്പ് വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാദങ്ങളാണ് രജിസ്ട്രാറുടെ പത്രക്കുറിപ്പിൽ ഉള്ളതെന്ന് വിദ്യാർത്ഥികൾ പുറത്തിറക്കിയ പത്ര കുറിപ്പിൽ പറയുന്നു. സ്വമേധയാ സന്നദ്ധരായ വിദ്യാർത്ഥികളാണ് സമരം നടത്തുന്നതെന്നും ക്ളാസുകൾ മുടക്കാനുള്ള ആഹ്വാനം സമരക്കാർ നടത്തിയിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. വിദ്യാര്‍ത്ഥികളുടെ അഭയാര്‍ത്ഥി സമരം (സ്റ്റുഡന്റ് റഫ്യൂജി മൂവ്‌മെന്റ്) എന്ന പേരിലാണ് അറിയുന്നത്. ഈ പേരില്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം സര്‍വകലാശാലയുടെ കുഴപ്പങ്ങളും തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തുറന്നുകാണിക്കുന്നുണ്ട്.
അതേസമയം, സമരം തകര്‍ക്കാനായി സമരത്തിൽ തീവ്ര ഇടത് സംഘടനകളുടെ സാന്നിധ്യം ആരോപിച്ച് ഭാരതീയ ജനതാ യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി എൻ. പി ശിഖ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് അയച്ച കത്തിന്റെ പകർപ്പ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സമരത്തിൽ തീവ്ര ഇടത് സംഘടനകൾ നുഴഞ്ഞകയറി എന്ന തരത്തിൽ വ്യാജ വാർത്ത സംഘപരിവാർ പത്രമായ ജന്മഭൂമി നേരത്തെ പുറത്ത് വിട്ടിരുന്നു. നിലവിൽ ഇത് സംബന്ധിച്ച് വ്യാപകമായ രീതിയിൽ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കേരള കേന്ദ്രസര്‍വകലാശാലാ നിലനില്‍ക്കുന്ന പെരിയ എന്ന പ്രദേശം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമ പ്രദേശമാണ്. അതുകൊണ്ട് കേരളത്തില്‍ നിന്നും, കേരളത്തിന് പുറത്ത് നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിന് പുറത്ത് താമസ സൗകര്യം കണ്ടെത്തുകയെന്നത് വളരെ വിഷമകരവും ചിലവേറിയതുമാണ്. ഈ അവസരത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ ഇടതു തീവ്രവാദ സംഘടനകള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് എൻ. പി ശിഖ കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
ഒരു വര്‍ഷം മുൻപ് ഉദ്ഘാടനം ചെയ്ത ഹോസ്റ്റലിലേക്ക് റോഡും,വെളിച്ചവും,കസേരകളും എത്തിക്കാൻ തയ്യാറാകാത്ത സർവകലാശാല അധികൃതർ പല വട്ടം വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. മാസങ്ങൾക്ക് മുൻപ് പ്രോജക്ട് ,സമ്മർ ഇന്റേൺഷിപ്പ് തുടങ്ങിയവക്ക് ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട അസം ,ഒഡീഷാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പുറത്തു നിർത്തുകയാണുണ്ടായത്. സർവകലാശാലക്ക് അകത്ത് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഇടം എന്ന നിലക്കാണ് ലൈബ്രറി കേന്ദ്രീകരിച്ച് സമരം ആരംഭിച്ചത്. എന്നാൽ രണ്ടാമത്തെ ദിവസം ആയപ്പോഴേക്കും മുറി വൃത്തിയാക്കാൻ എന്ന വ്യാജേന വിദ്യാർത്ഥികളെ പുറത്ത് നിർത്തി പിൻവാതിലിലൂടെ ലൈബ്രറി പൂട്ടി പോയ നീക്കത്തിലൂടെ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെയാണ് സർവ്വകലാശാല അധികൃതർ കവർന്നിരിക്കുന്നതെന്നും അടച്ചുറപ്പും സുരക്ഷയും ഇല്ലാത്ത മൾട്ടി പർപ്പസ് ഹാൾ എന്ന വാഹനങ്ങളും മറ്റും പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഹാളിലാണ് നിലവിൽ വിദ്യാര്‍ത്ഥികൾ ഉള്ളതെന്നും പത്രകുറിപ്പ് പറയുന്നു.
നിലവിൽ പ്രവർത്തിക്കുന്ന ഹോസ്റ്റൽ കൂടി അടച്ച് പൂട്ടാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. കൂടാതെ സമരത്തിൽപങ്കെടുക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യം നൽകില്ല എന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് തികച്ചും ജനാധിപത്യപരമായ രീതിയിലാണ് സമരം നടക്കുന്നതെന്നും വ്യാജ പ്രചാരണങ്ങൾ അഴിച്ച് വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർവ്വകലാശാല അധികൃതരുടെ ഒത്താശയോടെ സംഘ പരിവാർ ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. സമരത്തെ തുടർന്ന് പുറത്ത് വരുന്ന സർവ്വകലാശാലയിലെ ആർ. എസ്. എസ് ഭരണം സംബന്ധിച്ച വാർത്തകൾ സംഘപരിവാറിനെ രോഷാകുലരാക്കി എന്നാണ് അവരോട് അടുത്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
മതിയായ ഹോസ്റ്റൽ സൗകര്യം നൽകുന്നില്ല എന്നാരോപിച്ച് 200 ഓളം വിദ്യാര്‍ത്ഥിനികളാണ് തലയണയും പുതപ്പുമായി ലൈബ്രറിയിലെത്തി സമരം ആരംഭിച്ചത്. ഓരോ കോഴ്‌സിലും 10 വീതം സീറ്റ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വേണ്ടത്ര ഹോസ്റ്റൽ സൗകര്യം ഇല്ലാതായതിനെ തുടർന്നാണ് വിദ്യാർഥിനികൾക്ക് സമരത്തിലേക്ക് നീങ്ങേണ്ടി വന്നത്. കേന്ദ്ര സര്‍വകലാശാലയുടെ പ്രധാന ക്യാമ്പസായ പെരിയയിലും, പടന്നക്കാട്, വിദ്യാനഗര്‍ ക്യാമ്പസുകളിലുമാണ് ഒരേ സമയം വിദ്യാര്‍ത്ഥിനികള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.ഈ വര്‍ഷം മുതലാണ് ഓരോ കോഴ്‌സിനും 10 സീറ്റ് വീതം വര്‍ധിപ്പിച്ചത്. സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ യോഗത്തില്‍ അടിസ്ഥാന സൗകര്യം ഏര്‍പെടുത്താതെ സീറ്റ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തിരുന്നു. സര്‍വകലാശാലയിലെ ഡീന്‍മാരുടെ കൗണ്‍സില്‍ യോഗത്തില്‍ വിവിധ ഡിപാര്‍ട്ട്‌മെന്റുകളുടെ ഡീന്‍മാരും സീറ്റ് വര്‍ധിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നാണ് വി. സി ഉള്‍പെടെയുള്ളവര്‍ അറിയിച്ചിരുന്നത്.
