
നീലേശ്വരം: കാസർകോട്- കടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനനം നടത്താൻ ആശാപുര കമ്പനിക്ക് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റവന്യൂ വകുപ്പിന് കത്തയച്ചത് മുന്‍ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയെന്നു റിപ്പോര്‍ട്ട്. വ്യവസായ വകുപ്പ് മന്ത്രിയെന്ന നിലയില്‍ 2013 മാര്‍ച്ച് 20ന് റവന്യുവകുപ്പിലേക്ക് നേരിട്ട് കത്തയക്കുകയായിരുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്യേണ്ട ഒരു കാര്യം മന്ത്രി തന്നെ നേരിട്ട് ചെയ്തത് വ്യക്തി താല്‍പര്യങ്ങളുടെ ഭാഗമാണെന്നാണ് ആരോപണം.

2012ല്‍ കെ. പി. സി. സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല കടലാടിപ്പാറ സന്ദര്‍ശിച്ച് ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നേരിട്ടുള്ള നീക്കം. 2007 ഏപ്രില്‍ 24ന് വി. എസ്അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ മൈനിങ്ങ്‌ലീസില്‍ പറയുന്ന ഭൂമി ഡിമാര്‍ക്കേറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള റവന്യു വകുപ്പ് നിര്‍വ്വഹിക്കേണ്ട നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി നല്‍കണമെന്നാണ് കുഞ്ഞാലിക്കുട്ടി കത്തില്‍ ആവശ്യപ്പെട്ടത്.
