
കാസർകോട്: കാസർകോട് ജില്ലയിലെ പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട്- എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. കൊലപാതക കേസിൽ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവർ ആണ് മുരളി. കസ്റ്റഡിയില്‍ എടുത്തെങ്കിലും അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് സാധ്യത.

കൊലപാതക ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസില്‍ ഏഴാം പ്രതിയായ ഗിജിന്‍റെ അച്ഛൻ ശാസ്ത ഗംഗാധരന്റെ ഡ്രൈവറായ മുരളി കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തിൽ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
ഫെബ്രുവരി പതിനേഴാം തിയതി രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഇതിന് മുന്‍പ് കേസിൽ ഏഴ് പേർ അറസ്റ്റിലായിരുന്നു. സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം നിലനിൽക്കെയാണ് ഒരാൾ കൂടി കസ്റ്റഡിയിലാകുന്നത്.
