കാസർകോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല കാറിലെത്തിയ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. ബോവിക്കാനം കാട്ടിപ്പള്ളം കുഞ്ഞമ്പുവിന്റെ ഭാര്യ കാര്‍ത്യായനിയുടെ മാലയാണ് കവർന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മഞ്ചക്കല്ലില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കാര്‍ത്യായനിയോട് കാറിലെത്തിയ രണ്ടംഗസംഘം വഴി ചോദിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി മാലപൊട്ടിച്ച് കടന്നുകളയുകയുമായിരുന്നുവെന്ന് കാർത്യായനി പോലീസിനോട് പരാതിപ്പെട്ടു. വിവരമറിഞ്ഞ് നാട്ടിലെ യുവാക്കള്‍ ബൈക്കിലും മറ്റും പിന്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
2018 ജൂലായ് നാലിനും മഞ്ചക്കല്ലില്‍ സമാന സംഭവം ഉണ്ടായിരുന്നു. ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കത്തി കാട്ടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യാത്രക്കാരിയുടെ മൂന്നരപ്പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. ഓമ്പയിലെ മണികണ്ഠന്റെ ഭാര്യ ശ്രീകല(33)യുടെ ആഭരണമാണ് അന്ന് കൊള്ളയടിക്കപ്പെട്ടത്. വൈകീട്ട് ആറരയോടെ ബോവിക്കാനം കാനത്തൂര്‍ റോഡിലെ സൈങ്കോല്‍ അടുക്കം ബസ് സ്‌റ്റോപില്‍ വച്ചാണ് സംഭവം നടന്നത്. കാട്ടില്‍ നിന്നും ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ പിന്നാലെ എത്തിയത്. പിന്നീട് മല്‍പിടുത്തത്തിലൂടെ യുവതിയെ കീഴ്‌പ്പെടുത്തി തള്ളിയിട്ടു. നെഞ്ചില്‍ ചവിട്ടി നിന്ന് കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പൊട്ടിച്ചെടുത്തു. എതിര്‍ക്കാന്‍ ശ്രമിച്ചതോടെ യുവതിയെ വീണ്ടും ആക്രമിച്ച് രക്ഷപ്പെടുകയുമായിരുന്നു. ശ്രീകലയുടെ മൂന്നുപവന്‍ മാലയും അരപ്പവന്‍ താലിയുമാണ് നഷ്ടമായത്. യുവതി ആദൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നെങ്കിലും കവർച്ചയ്ക്ക് തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞില്ല. പട്ടാപകൽ പോലും കവർച്ച പതിവായതോടെ ഈ ഭാഗത്തെ ആളുകൾ ഭീതിയിലായിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സമാനമായ പത്തോളം മോഷണങ്ങള്‍ ഈ പാതയിലുണ്ടായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ ഈ ഭാഗത്ത് പോലിസ് പട്രോളിങ് വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കാസർകോട്ടെ മഞ്ചക്കല്ലിൽ വീണ്ടും കവർച്ച; ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല കാറിലെത്തിയ സംഘം തട്ടിപ്പറിച്ചു