കാസർകോട്ടെ ദേശീയപാത കാട് കയ്യേറിയിട്ടും അധികൃതർക്ക് ഒരു അനക്കവുമില്ല; അപകടം നിത്യസംഭവമാകുന്ന പാതയിൽ പ്രധാന വില്ലൻ വെട്ടിമാറ്റാത്ത കാട് തന്നെ

  • Post category:news
  • Reading time:2 mins read
You are currently viewing കാസർകോട്ടെ ദേശീയപാത കാട് കയ്യേറിയിട്ടും അധികൃതർക്ക് ഒരു അനക്കവുമില്ല; അപകടം നിത്യസംഭവമാകുന്ന പാതയിൽ പ്രധാന വില്ലൻ വെട്ടിമാറ്റാത്ത കാട് തന്നെ

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയാണ് ജില്ലയിലെ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന ചെർക്കള മുതൽ ചട്ടഞ്ചാല്‍ വരെ NH – 66 ലെ അപകടപ്പാത. അടിക്കടി ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്. ഈ ആഴ്ച പോലും രണ്ട് അപകടമാണ് ഇവിടെ സംഭവിച്ചത്. കഴിഞ്ഞദിവസം ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വരദരാജ് ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഒരാഴ്ച മുമ്പ് ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. മംഗളൂരുവില്‍ ലോഡിറക്കി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. റോഡില്‍നിന്ന് വലിയ താഴ്ചയുള്ള ജില്ലയിലെ അപകട വളവ് എന്നറിയപ്പെടുന്ന ബേവിഞ്ച വളവിലെ അപകടങ്ങളുടെ പ്രധാന കാരണം ഇപ്പോള്‍ റോഡരികത്ത് മൂടികിടക്കുന്ന കാടുകളാണ്. ദേശീയ പാതയോരം കാട് മൂടികിടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള പാതയിലും അപകടം പെരുകാൻ കാരണം വളർന്ന് പന്തലിച്ച കാടുകൾ തന്നെയാണ്. വര്‍ഷം തോറും ഇവ വെട്ടിമാറ്റാനുള്ള നടപടി ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ ഇതുവരെ അതുണ്ടായിട്ടില്ല എന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. നിലവിൽ കാടുമൂടിയതിനാല്‍ വളവുകളില്‍ വാഹനങ്ങളുടെ പോക്കുവരവു പോലും കാണാനാകുന്നില്ല. ഇതിനുപുറമെ കാല്‍നടയും ദുസ്സഹമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലും കാടുള്ളതിനാല്‍ കാല്‍നടക്കാര്‍ റോഡിലൂടെയാണ് നടന്നുപോകുന്നത്.

പാതയോരത്തെ കാടുകള്‍ വളര്‍ന്നതിനാല്‍ സിഗ്നൽ ബോർഡും റോഡിലെ ലൈനുകള്‍ പോലും കാണാനാകുന്നില്ല. ചെര്‍ക്കള, ബേവിഞ്ച, തെക്കില്‍വളവ്, ചട്ടഞ്ചാല്‍ കയറ്റം എന്നിവിടങ്ങളിലാണ് ഡ്രൈവർമാർക്ക് ഏറെ പ്രയാസമനുഭവപ്പെടുന്നത്. രാത്രി കാലത്ത് വാഹനങ്ങള്‍ പരസ്പരം കാണാന്‍ കഴിയാത്തതിനാല്‍ കൂട്ടിയിടി പതിവാണ്. പള്ളിയിലേക്കും മദ്രസ്സയിലേക്കും സ്‌കൂളിലേക്കും മറ്റും ബസ് കയറാനായി നിത്യവും നടന്നുപോകുന്നവർക്കും ഇതൊരു മരണയാത്രയാണ്. ഏത് സമയവും എന്തും സംഭവിക്കാം എന്നുള്ള ഭയം കണ്മുന്നിലുണ്ട്. അപകടത്തിന്റെ മറ്റൊരുകാരണം ഇവിടെ കള്‍വര്‍ട്ടിന് വീതിയില്ലാത്തതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു. വളവുള്ള സ്ഥലത്തിന്റെ ഒരുഭാഗം കുന്നും മറുഭാഗം വലിയ കുഴിയുമാണ് ഈ ഭാഗത്തുള്ളത്. ഇവിടെ വീതി കൂട്ടുകയാണ് ആദ്യം വേണ്ടത്.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ ബേവിഞ്ച വളവ് കണ്ട് ശരിക്കും അല്‍ഭുതപ്പെട്ടിരുന്നു. ഏതു സമയത്തും അപകടം സംഭവിക്കാവുന്ന രീതിയിലാണ് ബേവിഞ്ച വളവിന്റെ ഘടനയെന്ന് കമ്മീഷന്‍ ആ സമയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2013 ല്‍ ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ ഇടപെടലുണ്ടായി. അതോടെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുന്‍കൈ എടുത്ത് ദേശീയ പാത അധികൃതര്‍ വളവ് നികത്തി ഇൻറ്റർലോക്ക് പാകുകയുണ്ടായി. എന്നാൽ പിന്നീട് ഒരു നടപടിയുമുണ്ടായില്ല. വളവില്‍ അപകടം നിത്യ സംഭവമായി മാറിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി അന്ന് രംഗത്തുവന്നത്. എന്നാല്‍ ഇപ്പോൾ കാട് മൂടിക്കിടക്കുന്നത് വെട്ടിമാറ്റാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരേയോ, തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിചെയ്യുന്ന സ്ത്രീകളെ ഉപയോഗിച്ചെങ്കിലും കാട് വെട്ടിമാറ്റാനുള്ള നടപടി അടിയന്തിരമായി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

0Shares