കാസർകോട്: ഉപ്പളയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഗുണ്ടാവിളയാട്ടം വീണ്ടും സജീവമാകുന്നതായി സൂചന. പരസ്പരം കൊലകത്തിക്കിരയായ പ്രധാന ഗുണ്ടകൾ കൊല്ലപ്പെട്ടതോടെ കുറച്ചു കാലമായി ഉപ്പള സമാധാനത്തിലാണ് മുന്നോട്ട് പോയിരുന്നത്. എന്നാൽ കൊല്ലപ്പെട്ട കാലിയാ റഫീഖിൻ്റെ സംഘം വീണ്ടും സജീവമാകുന്നതായാണ് വിവരം.
ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസ് എന്നയാളുടെ വീട്ടിൽ ഒരുസംഘം എത്തുകയും ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ നിന്നും പുറത്തിറങ്ങാനാണ് ഫോണിലൂടെ സംഘം ആവശ്യപെട്ടത്. കാര്യം അന്വേഷിച്ചപ്പോൾ ഒരു ക്വട്ടേഷന്‍ കിട്ടിയിട്ടുണ്ടെന്നും അത് തീര്‍ക്കണമെന്നുമാണ് പറഞ്ഞത്. റിയാസ് വീട്ടിലിനിന്നും പുറത്തിറങ്ങാത്തതിനാൽ സംഘം വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ അടിച്ചുതകർത്തു.
സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. സി.ഐ പ്രേംസദൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാത്രി തന്നെ വീട്ടിലെത്തി റിയാസിൻ്റെ മൊഴി രേഖപ്പെടുത്തിയത്. അക്രമത്തിന് പിന്നിൽ ആർകെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.