
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പുഴയില്‍ വീണതാണെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേർന്ന് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് തളങ്കര പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ചേരൂരിലെ കബീര്‍ – റുഖ്‌സാന ദമ്പതികളുടെ മകന്‍ ശഅ്ബാനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് കാണാതായത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് അടുത്തുള്ള പുഴയിൽ വീണതാകാം എന്ന സംശയം ബലപ്പെട്ടത്. ശഅ്ബാന്റെ മരണവാർത്ത നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാക്കി. കാസർകോട് ജനറൽ ആശുപതിയിൽ എത്തിച്ച ശഅ്ബാന്റെ മൃതദേഹം കാണാൻ നിരവധിപേർ ഒഴുകിയെത്തി.
