
കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടുകൾ നാളെ എണ്ണനിരിക്കെ കാസർകോട് ജില്ലയിലെ പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ല്യോട്ട്-പെരിയ ടൗണുകളുടെ അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ. കല്യോട്ട് രാഷ്ട്രീയക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണിത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടുമാസത്തിനു മുന്‍പാണ് കല്യോട്ടുവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
സംഭവത്തില്‍ സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ചെന്നും തെളിവു നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം.
