കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്.ഐ) സ്ഥാപക ദിനത്തിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഭാഗമായുള്ള കര്‍ഷക സമ്മേളനത്തിന് സി.പി.സി.ആര്.ഐ.യില്‍ തുടക്കമായി. കേന്ദ്ര സ്റ്റാറ്ററ്റിക്സ് മന്ത്രി ഡി.വി സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖലയുടെ സമഗ്രമായ പുരോഗതിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖലയുടെ 50 ശതമാനത്തോളം വരുന്ന കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാനം 2022 ആകുമ്പോള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുവാനുള്ള പദ്ധതികളാണു സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ആഭ്യന്തര ഉദ്പാദത്തിന്റെ 17 ശതമാനം സംഭാവന നല്കുന്ന കാര്‍ഷിക മേഖലയുടെ പുരോഗതിയും കര്‍ഷകരുടെ സാമ്പത്തിക ഉന്നമനവുമാണു സര്‍ക്കാര്‍ ലക്ഷ്യം. പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാന് മന്ത്രി കൃഷി സിഞ്ചായി യോജന തുടങ്ങിയ പദ്ധതികളിലൂടെ വിവിധ കാര്‍ഷിക മേഖലകളുടെ ഉന്നമനമാണു കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഉല്പാദനം മെച്ചപ്പെടുത്തുന്നതിനു സഹായകരമാകുംവിധത്തില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്കീമിലൂടെ 9.91 കോടി കര്‍ഷകര്‍ക്കു സോയില്‍ കാര്‍ഡ് വിതരണം ചെയ്തു. അടുത്തുതന്നെ രാജ്യത്തെ 648 കൃഷി വിജ്ഞാന് കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ ആരംഭിക്കും. കേരളത്തില്‍ സിപിസിആര്‍ഐ ഉള്‍പ്പെടെ അഞ്ചു ഗവേഷണ സ്ഥാപനങ്ങളും രാജ്യത്തെ കാര്‍ഷികമേഖലയുടെ പുരോഗതിക്കു മികച്ച സംഭാവനയാണു നല്‍കുന്നത്. വിപണിയിലെ വിലസ്ഥിരതയില്ലായ്മകാരണം ബുദ്ധിമുട്ടിയിരുന്ന കര്‍ഷകരുടെ വിളകള്‍ക്ക് താങ്ങുവില നല്‍കുന്നതിലൂടെ കര്‍ഷകരെ സഹായിക്കാന്‍ കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സി.പി.സി.ആര്.ഐയും കെവി.കെയും പുറത്തിറക്കുന്ന അഞ്ചു പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും സി.പി.സി.ആര്.ഐ നിര്‍മിച്ച് കല്പപോഷക്, കല്പ വര്‍ധിനി എന്നി ഉല്പന്നങ്ങളുടെ പുറത്തിറക്കല്‍ ചടങ്ങും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.

പി. കരുണാകരന് എം.പി. അധ്യക്ഷനായി. ഐ.സിഎ.ആര് ഡിഡിജി ഡോ. എകെ സിങ് ആമുഖപ്രസംഗം നടത്തി.രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്റ്റാംപ് നോര്‍ത്ത് മേഖലാ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്.എഫ്.എച്ച് റിസ്വി നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഹോര്‍ട്ടി കള്‍ച്ചറല്‍ കമ്മീഷണര്‍ ഡോ. ബി.എന്‍.എസ് മൂര്‍ത്തി, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ.ടി.ലീന, സംഘാടക സമിതി ചെയര്‍മാനും സി.പി.സി.ആര്.ഐ ഡയറക്ടറുമായ ഡോ. പി. ചൗഡപ്പ, സാമൂഹ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. സി. തമ്പാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി അഞ്ചിന് ആരംഭിച്ച കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിന് വന്‍ തിരക്കേറി. പ്രദര്‍ശനം പത്ത് വരെ തുടരും.